Wednesday 26 December 2018

വിരഹ കാമുകൻ


എന്നോ കണ്ടതാണവളെ
ആദ്യ മുഖാമുഖ കാഴ്ച്ചയിൽ അവളുടെ മുഖത്തുണ്ടായ പരിഭ്രമം ഇപ്പോഴും എന്റെ കണ്ണുകൾക്ക് കാണാം പിന്നീടങ്ങോട്ടുള്ള ഓരോ നിമിഷവും ആഘോഷമായിരുന്നു ഭീകര പ്രണയാഘോഷം സുന്ദര പ്രണയ നിമിഷങ്ങൾ ഉണരുന്നതും ഉറങ്ങുന്നതും എല്ലാം അവളുടെ ഫോൺ വിളികളിലൂടെ ആയിരുന്നു പള്ളിയും പട്ടക്കാരും ഒന്നും ഗൗനിക്കാതെ നടന്ന  ഞാൻ വർഷങ്ങൾക്ക് ശേഷം പള്ളിയിൽ പോയതും ധ്യാനത്തിന് പോയതും എല്ലാം അവളുടെ നിർബന്ധം മൂലമായിരുന്നു ധ്യാനം കഴിഞ്ഞു വന്ന എന്നെക്കാതിരുന്നത് അവളുടെ നിറഞ്ഞ കണ്ണുകൾ ആയിരുന്നു എന്നെ പിരിഞ്ഞിരുന്ന ദിവസങ്ങളിലെ  അവളുടെ സങ്കടം അവളുടെ അനിയൻ പറഞ്ഞപ്പോ ഞാനും വിതുമ്പിപ്പോയി
പിന്നെ എന്താണെന്ന് അറിയില്ല അവളെന്നിൽനിന്ന് അകലുവാൻ തുടങ്ങി  കാരണം അറിയാതെ ഞാൻ ഭ്രാന്തുപിടിച്ച അവസ്ഥയിലായി
പിന്നെന്നോ ഒരു ദിവസം ഫോണിലേക്ക് ഒരു കാൾ വരുന്നു അവളാണ് സന്തോഷം നിറഞ്ഞ മനസ്സോടെ അറ്റൻഡ് ചെയ്ത കാൾ നിത്യദുഃഖം സമ്മാനിക്കാൻ അധിക സമയമെടുത്തില്ല
അവൾക് വേറൊരു അഫയർ ഉണ്ടുപോലും പക്ഷേ അവളെ അറിയുന്ന എനിക്ക് അത് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല
പക്ഷേ അവളുടെ ആ വാക്കുകൾ എന്റെ സമനില തെറ്റിക്കാൻ പോന്നവ ആയിരുന്നു
എപ്പോളും അവളോടൊപ്പമുള്ള  ഓർമ്മകൾ വേട്ടയാടാൻ തുടങ്ങിയ മനസ്സിനെ മരവിപ്പിക്കാൻ അബോധാവസ്‌ഥ ആയിരുന്നു ഏക പോംവഴി അതിനായി ഞാൻ ലഹരികളെ ആശ്രയിച്ചു.
നാടും, നാട്ടാരും, വീട്ടാരെയും നേരിടാൻ വിഷമിച്ച എന്റെ കണ്ണുകൾ  അവളെ മാത്രം തേടിനടന്നു
ഊരുതെണ്ടൽ ഹരമാക്കിയ ഞാൻ വീണ്ടുമൊരു യാത്രക്കായി ഇറങ്ങി
പലതും കണ്ടു, കേട്ടു അറിഞ്ഞു പക്ഷേ അതൊന്നും എന്റെ നൈരാശ്യം ശമിപ്പിക്കാൻ പോന്നവയായിരുന്നില്ല
അവസാനം
നൈരാശ്യവും, ലഹരിയും, വിഷാദവും ഒത്തുചേരുമ്പോൾ ഏതൊരു മനുഷ്യനും തിരഞ്ഞെടുക്കുന്ന വഴി ഞാനും തിരഞ്ഞെടുത്തു
സ്വയഹത്യ
തുടരും. ...

Monday 8 October 2018

ലക്ഷ്മി

 ലക്ഷ്മി 


കോടതിമുറിയിൽ വെച്ചാണ് ഞാൻ അവളെ അവസാനമായി കണ്ടത്. മുഖത്തെ പ്രസന്നത മുഴുവൻ നഷ്ടപ്പെട്ടിരിക്കുന്നു. എന്നെ കണ്ടിട്ടും എന്നിലേക്ക് മിഴിയെറിയാതെ അലക്ഷ്യമായി കാണാത്ത ഭാവം നടിക്കുകയാണവൾ.
എന്തായിരിക്കും അവളിപ്പോൾ ചിന്തിക്കുന്നത്..പോയകാലത്തിലെ മധുരമൂറുന്ന ഓര്മകളാവുമോ.. ഹേയ്  ആയിരിക്കില്ല. ചിലപ്പോൾ വരാൻ പോകുന്ന സുഖങ്ങളെ കുറിച്ചുള്ള ചിന്തയിലായിരിക്കും.

നിനക്ക് ആരുടെ കൂടെ പോകണം. ന്യായാധിപന്റെ ആദ്യ ചോദ്യമുയർന്നു.
കോടതിമുറിയാകെ ഒരുനേരത്തെ നിശബ്ദത.
ഒടുവിൽ വെറും മാസങ്ങൾ മാത്രം പരിചയമുള്ള കാമുകന്റെ നേർക്ക് അവൾ വിരൽചൂണ്ടുമ്പോൾ 

 തോൽവിയുടെ ഭാരം പേറി ഞാനണിഞ്ഞ താലിമാല അവളുടെ കഴുത്തിലപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു, തലതാഴ്ത്തി ഞാനും,

അപ്പോൾ നിങ്ങളുടെ കുട്ടി..
ന്യായാധിപന്റെ അടുത്ത ചോദ്യം.. നീണ്ട ഒരു മൗനമായിരുന്നു അവളിൽ. എനിക്കറിയാം വരാനിരിക്കുന്ന അവരുടെ മധുവിധുവിൽ എന്റെ മോൻ അവൾക്ക് തീർത്തും അരോചകം ആയിരിക്കുമെന്ന്..

അയാളുടെ ഇഷ്ടം.
വളരെ നേർത്ത ഒരു ശബ്ദത്തോടെ അവൾ മറുപടി പറഞ്ഞു..
അത് കേട്ടതും മാറ്റ് കുറഞ്ഞൊരു പരിഹാസ ചിരി എന്റെ ചുണ്ടിൽ നിറഞ്ഞിടുന്നു.. അയാൾ... മനസ്സ് വീണ്ടും വീണ്ടും ആ വാക്ക് മന്ത്രിച്ചു കൊണ്ടിരുന്നു

അവളുടെ ആ വക്കിൽ നിന്ന് തന്നെ എനിക്ക് മനസ്സിലാവും അവളിൽ നിന്നുമുള്ള എന്റെ ദൂരം എത്രയാണെന്ന്.
മാതൃസ്നേഹം അവസാനിക്കാൻ പോകുകയാണെന്നറിയാതെ അപ്പോഴും എന്റെ ഒന്നരവയസ്സുകാരൻ ഇടവിട്ടുവന്ന രണ്ടുപല്ലും കാട്ടി അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..

കോടതി ചോദ്യഭാവേനെ എന്നെ നോക്കി.. നിങ്ങൾക്ക് എന്താ പറയാനുള്ളത്..

ഞാനെന്റെ മകനെ ഒന്നൂടെ ചേർത്ത് പിടിച്ചു, എന്നിട്ട് പറഞ്ഞു.
ഏതൊരു മാതാവും സ്വന്തം മകൻ നന്മയുള്ളവനായി വളരാനാണ് ആഗ്രഹിക്കുക, അതുകൊണ്ടാവും അവൾക്ക് ഇവനെ കൂടെ കൊണ്ടുപോവാൻ സാധിക്കാത്തത്.
എന്റെ മോൻ നന്മയുള്ളവനായി വളരണം. അതിന് അവൻ എന്റെ കൂടെ തന്നെ വേണം. ഇത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു..

അതായിരുന്നു അവളുമായുള്ള അവസാന കൂടിക്കാഴ്ച.
നീണ്ട ഇരുപത്തഞ്ചു വര്ഷത്തിന് ശേഷം ദൈവം പിന്നെയും എന്തിനായിരിക്കും ഈ മുംബൈ തെരുവിൽ ഒരു* 
വഴികച്ചവടക്കാരിയായി അവളെ എന്റെ കണ്മുന്നിൽ കൊണ്ടെത്തിച്ചത്...
അവളെന്നെ കണ്ടുകാണുമോ. അല്ലെങ്കിൽ എന്നെ തിരിച്ചറിയാൻ അവൾക്ക് കഴിഞ്ഞില്ലേ.. മനസ്സിൽ  ഒന്നിനുപിറകെ ഒന്നായി സംശയങ്ങൾ   ഉദിച്ചുവന്നു..

ലക്ഷ്മി..
തീർത്തും അപ്രതീക്ഷിതമായ എന്റെ വിളിയിൽ അവൾ ഒന്ന് ഞെട്ടി, ശേഷം ഇമവെട്ടാതെ എന്നെ നോക്കി. അല്പനേരത്തെ ചിന്തക്കൊടുവിൽ കുഴിഞ്ഞ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി.
നിര്വികാരമായിരുന്നു എന്നിൽ.
കണ്ണീരടങ്ങിയപ്പോൾ അവൾ പറഞ്ഞു തുടങ്ങി. അവളുടെ കഥന കഥകൾ

കൊണ്ടുപോയവന് അവളിലെ സുഖം മടുത്തപ്പോൾ അയാൾ മറ്റൊരാളെ തേടി ഇറങ്ങി, അവിടുന്നിങ്ങോട്ട് വഴിമുട്ടിപ്പോയ ജീവിതത്തെ ഉന്തിനീക്കാൻ ആവള നുഭവിച്ച യാതനകൾ. പല നാട് പല ജോലി വിശപ്പിന് ഭാഷയും ദേശവും ഒന്നും പ്രശ്‌നമില്ലെന്ന് അവളറിഞ്ഞ നാളുകൾ.
എല്ലാം കേട്ടിരിക്കേണ്ട ഒരു കേൾവിക്കാരൻ  മാത്രമായിരുന്നു ഞാൻ. ഓരോ വാക്കുകൾക്കൊപ്പവും മാപ്പെന്ന് അവൾ ആയിരം തവണ പറഞ്ഞുകാണും..

ശ്രീയേട്ടാ.. ചോദിയ്ക്കാൻ അർഹത ഇല്ലെന്നറിയാം എന്നാലും ചോദിക്കുവാ..നമ്മുടെ മോൻ..
പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവൾ ഏങ്ങിക്കരഞ്ഞു..

അവൻ സുഖമായിരിക്കുന്നു ലക്ഷ്മി.  ഇപ്പോൾ പ്രൈവറ്റ് സ്കൂളിൽ അദ്ധ്യാപകൻ ആണ്.
അവൻ ഇടക്കൊക്കെ മരിച്ചു പോയ അവന്റെ അമ്മയെ കുറിച്ച് ചോദിക്കും. ചിലപ്പോഴൊക്കെ ഒറ്റക്കിരുന്ന് കരയും.

അത് കേട്ടതും അവളുടെ ഞെട്ടലിനിക്ക് കാണാമായിരുന്നു. ജീവിച്ചിരിക്കെ സ്വന്തം മകന്റെ മനസ്സിൽ മരിക്കുന്നോരമ്മയുടെ ആധിയുടെ ഞെട്ടൽ.

അവനോട് ഞാൻ അങ്ങനെയാണ് ലക്ഷ്മി പറഞ്ഞത്. എന്റെ ഉള്ളിൽ നീ എന്നോ മരിച്ചതാണല്ലോ..അവനുവേണ്ടി ഒരമ്മയെ കണ്ടെത്താൻ ഒരുപാട് ചിന്തിച്ചിതാ പക്ഷെ കഴിഞ്ഞില്ല. അല്ലേലും പെറ്റമ്മയോളം വരില്ലല്ലോ ഒരു രണ്ടാനമ്മയും..
ഇനിയൊരിക്കലും നിന്നെ കണ്ടുമുട്ടരുത് എന്നായിരുന്നു എന്റെ പ്രാർത്ഥന. പക്ഷെ ദൈവം എല്ലായിടത്തും എന്നെ തോൽപ്പിക്കകയാണ്..

ഈ നഗരത്തോട് ഞാനിന്ന് വിടപറയും. നാളെ അവന്റെ പിറന്നാളാണ് അതിനുമുന്നെ വീടണയണം.ഇനിയൊരിക്കലും നിന്നെ കാണാൻ ഇടവരാതിരിക്കട്ടെ..
ഇത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.

ശ്രീയേട്ടാ...
ഇത് അവന് നൽകുമോ പിറന്നാൾ സമ്മാനമായിട്ട്.. മുറുക്കിപിടിച്ച കരം അവൾ എനിക്കുനേരെ നീട്ടി.
പതിയെ വിരലകത്തിയപ്പോൾ ഞാൻ കണ്ടു ഇരുപത്തഞ്ചു വര്ഷങ്ങള്ക്കുമുന്നേ ഞാൻ അവളുടെ കഴുത്തിൽ ചാർത്തിയ താലി..

ആശ്ചര്യമായിരുന്നു എന്നിൽ. എന്റെ കണ്ണുകൾ വിടർന്നു..
ഇതുവരെ കളഞ്ഞിരുന്നില്ലേ ഇത്.. 
അവൾ വശ്യമായി ഒന്നുചിരിച്ചു ശേഷം ഇല്ലെന്ന് തലയാട്ടി
നീണ്ട ഒരു  മൗനമായിരുന്നു പിന്നെ. എന്ത് പറയണം എന്നറിയാതെ അവളും ഞാനും മുഖാമുഖം നോക്കി നിന്നു,

ലക്ഷ്മി...
തെറ്റ് ചെയ്യാത്ത മനുഷ്യർ ഈ ലോകത്തുണ്ടാവില്ല.പക്ഷെ അത് തിരിച്ചറിയുന്നതും തിരുത്തുന്നതും ചുരുക്കം ചിലർ മാത്രമാണ്, അവരാണ് യഥാർത്ഥ മനുഷ്യർ,
അന്ന് ഹൃദയം കീറി മുറിച്ചിട്ടാണ് നീ എന്നെ ഉപേക്ഷിച്ചു പോയത്. അത് തെറ്റായിപ്പോയെന്ന് നീ മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ആ തെറ്റിനെ പൊറുക്കാൻ എനിക്കാവും..

ഒരിക്കലൂടെ നമ്മുടെ മോനെ സാക്ഷി നിർത്തി ഈ താലി ഞാൻ നിന്റെ കഴുത്തിൽ ചാർത്തിക്കോട്ടെ,അതിന്റെ പവിത്രത മനസ്സിലാക്കി ഒരിക്കലൂടെ നിനക്കിതിന്റെ അവകാശി ആയിക്കൂടെ.
പുതിയൊരു ജീവിതം മോഹിച്ചോ ദാമ്പത്യം കൊതിച്ചോ ഒന്നുമല്ല.. ഈ നഗരത്തിൽ നിന്നെ തനിച്ചാക്കി പോകാൻ മനസ്സ് അനുവദിക്കാഞ്ഞിട്ടാണ്.
ഇനി നിനക്ക് തീരുമാനിക്കാം..

പറഞ്ഞു തീർന്നതും ഒരു പൊട്ടിക്കരച്ചിലോടെ മാപ്പെന്ന് പറഞ്ഞു അവളെന്റെ നെഞ്ചിലേക്ക് വീണു. അപ്പോഴും അവളുടെ കയ്യിൽ ഞാൻ  അന്ന് കെട്ടിയ താലി തിളങ്ങുന്നുണ്ടായിരുന്നു.


Sunday 7 October 2018

ഭഗത് സിങിനെ കൊലപ്പെടുത്തിയ സമയം

ചരിത്രത്തിന്റെ അറിയപ്പെടാത്ത ഏടുകളില്‍നിന്നും ! ഭഗത് സിംഗിനെ തൂക്കിലേറ്റിയ ശേഷം ലാഹോറിലെത്തിയ മഹാത്മാഗാന്ധിയെ ക്രൂദ്ധരായ ജനങ്ങള്‍ കരിങ്കൊടി കാട്ടി ആക്രമിച്ച ആ ചരിത്രത്തിലേക്ക് ..


നാമറിയാത്ത എത്രയോ സംഭവങ്ങള്‍ നമ്മുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ചരിത്രത്തിന്റെ താളുകളില്‍ ഇന്നും നിശബ്ദമായിക്കിടക്കുന്നു. പലതും നമ്മള്‍ അറിയുന്നില്ല, അഥവാ നമുക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ ആവശ്യകതയില്‍ നിന്ന് ചരിത്രകാരന്മാരും പില്‍ക്കാല ഭരണാധികാരികളും നമ്മെ മനപ്പൂര്‍വ്വം അകറ്റിനിര്‍ത്തിയതാണോ ? അതീവ ഗൗരവമായി കാണേണ്ട വിഷയം തന്നെയാണിത്.
കാലം മറച്ചുവച്ചു അത്തരമൊരു ചരിത്രസംഭവത്തിലേക്ക് ഇവിടെ വളിച്ചം വീശുകയാണ്. 1931 മാര്‍ച്ച്‌ 23 ന് വൈകിട്ട് 7.33 ന് ഭാരതത്തിന്‍റെ വീരപുത്രന്മാരായിരുന്ന ഭഗത് സിംഗ്,സുഖ്‌ദേവ് ,രാജ്‌ഗുരു എന്നിവരെ ലാഹോര്‍ ജയിലില്‍ ബ്രിട്ടീഷ് പട്ടാളം തൂക്കിലേറ്റി. .
അന്ന് തങ്ങളുടെ ബാരക്കില്‍ നിന്ന് തൂക്കുമരത്തിലെക്കുള്ള യാത്രക്കിടയില്‍ മൂവരും നിര്‍ഭയരായി ഉച്ചത്തില്‍ പാടി..
' മേരി രംഗ് ദേ ബസന്തി ചോലാ ..മേരെ രംഗ് ദേ..
മേരി രംഗ് ദേ ബസന്തി ചോലാ ..മയ രംഗ് ദേ ബസന്തി..'
അതീവരഹസ്യമായായിരുന്നു ഇവരെ തൂക്കിലേറ്റിയത്.



അതിനുശേഷം എല്ലാ മാനവമൂല്യങ്ങളെയും കാറ്റില്‍പ്പറത്തി ഇംഗ്ലീഷുകാര്‍ മൂവരുടെയും മൃതദേഹം പല കഷണങ്ങളായി വെട്ടിനുറുക്കി ചാക്കുകളില്‍ കെട്ടി രഹസ്യമായി സത് ലജ് നദിക്കരയിലുള്ള 'ഹുസൈ നിവാല' എന്ന സ്ഥലത്ത് കൊണ്ടുപോയി വിറകും മണ്ണെണ്ണയുമൊഴിച്ചു കത്തിച്ചു. ജനപ്രിയരായിരുന്ന ഈ ധീരദേശാഭിമാനികളെ തൂക്കിലേറ്റിയ വിവരമറിഞ്ഞാല്‍ ഉണ്ടാകാവുന്ന ജനാക്രോശം ഭയമായിരുന്നു ബ്രിട്ടീഷ് ഭരണാധികാരികള്‍ മീ രഹസ്യനീക്കം നടത്തിയത്.
അതുകൊണ്ടാണ് വധശിക്ഷ നടപ്പാക്കേണ്ട നിശ്ചിത ദിവസത്തിനും ഒരു നാള്‍ മുന്‍പുതന്നെ മൂവരെയും അതീവരഹസ്യമായി തൂക്കിലേറ്റിയതും.
ആളൊഴിഞ്ഞ നദിക്കരയില്‍ രാത്രിയില്‍ അഗ്നികണ്ടു സംശയം തോന്നിയ ജനങ്ങള്‍ ഓടിക്കൂടി. വിവരം കാട്ടൂതീപോലെ നാട്ടുകാരറിഞ്ഞു. അവര്‍ ആബാലവൃദ്ധം കയ്യില്‍ക്കിട്ടിയ ആയുധങ്ങളുമായി നദിക്കരയി ലേക്കു പാഞ്ഞു. ജനക്കൂട്ടം കണ്ടു ഭയന്ന ഇംഗ്ലീഷുകാര്‍ ജീവനുംകൊണ്ട് ഓടി രക്ഷപെട്ടു. അപ്പോഴേക്കും പകുതി കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ജന൦ പുറത്തെടുത്തു..
ധീരദേശാഭിമാനി കളുടെ മൃതദേഹങ്ങള്‍ കഷണങ്ങളാക്കിയതും , അത് നിന്ദ്യമായ രീതിയില്‍ സംസ്കരിക്കാന്‍ ശ്രമിച്ചതും ജനങ്ങളെ കുറച്ചൊന്നുമല്ല രോഷാകുലരാക്കിയത്. ജനങ്ങള്‍ ഗാന്ധിജിയെയും കുറ്റക്കാരനാക്കി. ലാലാ ലാജ് പത് റായിയുടെ മകള്‍ പാര്‍വതി ദേവി, ഭഗത് സിംഗിന്റെ സഹോദരി ബീവി അമര്‍ കൌര്‍ എന്നിവരും അവിടെ എത്തിച്ചേര്‍ന്നു.
മഹാത്മാഗാന്ധി വിചാരിച്ചിരുന്നെങ്കില്‍ ഭഗത് സിംഗിന്റെ തൂക്കുകയര്‍ ഒഴിവാക്കാമായിരുന്നെന്ന് ജനം വിശ്വസിച്ചു. ഗാന്ധിജിയുടെ അഭ്യര്‍ത്ഥന നിരസിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനാകുമായിരുന്നില്ല എന്നതായിരുന്നു വാസ്തവം. പക്ഷേ ഗാന്ധിജി ഭഗത് സിംഗിനെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നില്ല. ജനരോഷം കൂടുതല്‍ വ്യാപിപ്പിക്കാന്‍ അത് കാരണമായി.
1931 മാര്‍ച്ച്‌ 24 നു വൈകിട്ട് മൂവരുടെയും മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ അകമ്ബടിയോടെ ലാഹോറില്‍ നിന്ന് വിലാപയാത്രയായി 'രവി' നദിക്കരയിലെത്തിച്ച്‌ സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് നല്‍കുന്ന എല്ലാ ആദരവോടും മൃതദേഹങ്ങള്‍ അവിടെ ലാലാ ലാജ് പത് റായിയുടെ സ്മൃതി സ്ഥലത്തിനടുത്ത് സംസ്കരിച്ചു.
ജനരോഷം വളരെ ശക്തമായിരുന്നു. ഭഗത് സിംഗ് ന്‍റെയും കൂട്ടരുടെയും മരണത്തിന് ഇംഗ്ലീഷ് കാര്‍ക്കൊപ്പം ഗാന്ധിജിയെയും അവര്‍ കുറ്റവാളി യായിക്കണ്ടു. ഗാന്ധിജി ശ്രമിച്ചിരുന്നെങ്കില്‍ ഇവരുടെ മോചനം സാദ്ധ്യമാകുമായിരുന്നു എന്ന് ജനം വിശ്വസിച്ചു. ഗാന്ധിജിക്കെതിരെ നല്ലൊരു വിഭാഗം തിരിയാന്‍ ഇത് കാരണമായി.
മൂവരെയും തൂക്കിലേറ്റിയ വാര്‍ത്തയറിഞ്ഞു തമിഴ്നാട്ടില്‍ പെരിയോര്‍ രാമസ്വാമി 'കുടൈ അരശു' എന്ന വാരാന്ത്യപ്പതിപ്പില്‍ ഇങ്ങനെ ലേഖനമെഴുതി..'ഇത് ഗാന്ധിസത്തിന് മേല്‍ പുരോഗമനവാദികള്‍ നേടിയ വിജയം ' എന്ന്.
പിന്നീട് നടന്ന ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഗാന്ധിജിയെ ആള്‍ക്കാര്‍ കരിങ്കൊടി കാട്ടി..ഗാന്ധിക്ക് നേരേ ഒന്നിലേറെ തവണ ആക്രമണമുണ്ടായി. സിവില്‍ വേഷം ധരിച്ച്‌ അദ്ദേഹത്തിനു ചുറ്റും സുരക്ഷയൊരുക്കിയിരുന്ന പോലീസുകാരാണ് അന്ന് അദ്ദേഹത്തെ രക്ഷിച്ചത്‌.
ഗാന്ധിജിയോടുള്ള ആദരവും മതിപ്പും കുറയുവാന്‍ ഭഗത് സിംഗിന്റെ തൂക്കിക്കൊല വലിയൊരു കാരണമായി മാറുകയായിരുന്നു. പിന്നീട് കുറേക്കാലത്തേക്ക് ഗാന്ധിജി ലാഹോറില്‍ പോയിരുന്നില്ല.

Saturday 21 July 2018

ശൂന്യതയിൽ നിന്ന് ആൾക്കൂട്ടത്തെ സൃഷ്ടിക്കുന്നവൻ

ശൂന്യതയിൽ നിന്ന് ആൾക്കൂട്ടത്തെ              സൃഷ്ടിക്കുന്നവൻ                      


ഏറ്റെടുക്കുന്ന പൊതു വിഷയങ്ങളിൽ വിട്ടുവീഴ്ച്ചയില്ലാത്ത പ്രതിബദ്ധതയാണ് പി.ടി തോമസിന്റെ മുഖമുദ്ര


തൊള്ളായിരത്തി എഴുപത്തെട്ട് ഒക്ടോബറിലെ ഒരു സായാഹ്നത്തിൽ എറണാകുളം മഹാരാജാസ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾ .തൊട്ടുമുന്നിലെ സുഭാഷ് പാർക്കിൽ കാറ്റു കൊള്ളുകയായിരുന്നു .അന്നേരം പാർക്കിലെ റേഡിയോയിൽ ഒരു പ്രധാന വാർത്ത മുഴങ്ങി ;  ചിക്കമംഗലൂരിൽ മത്സരിക്കുന്ന ഇന്ദിരാ ഗാന്ധിക്ക് ദേവരാജ് അരശ് പിന്തുണ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി എ.കെ ആൻറണി രാജിവച്ചു !"
     വാർത്ത കേട്ടതും ഇരുവരും ചാടിയെഴുന്നേറ്റു .ഒന്നാമൻ ചോദിച്ചു നമുക്കെന്തെങ്കിലും ചെയ്യണ്ടേ ഷേണായീ???
  ഷേണായി എന്ന് ചെല്ലപ്പേരുള്ള അബ്ദുൾ റഹ്മാൻ പെട്ടെന്ന് ഉഷാറായി : വേണം പീ.ടീ 
   
   പി.ടി എന്ന പി.ടി തോമസ് കാതടപ്പിക്കുന്ന ശബ്ദത്തിൽ ആദ്യത്തെ  മുദ്രാവാക്യം മുഴക്കി "അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ  എ.കെ ആന്റണിക്കഭിവാദ്യങ്ങൾ " 
      ഒരാൾ വിളിച്ചും അപരൻ ഏറ്റുവിളിച്ചും അപകർഷം തീണ്ടാതെ  ജാഥ മുന്നേറുകയാണ് .കൊടിയും വടിയുമില്ലാത്ത
വിചിത്രമായ ദ്വയാംഗ ജാഥ ,ആളുകൾ കൗതുകത്തോടെയും ഒട്ടൊരു പരിഹാസത്തോടെയും അത് നോക്കി നിന്നു .ജാഥ റോഡിലിറങ്ങിയതും എവിടുന്നോ നാലഞ്ചാളുകൾ വന്നുകൂടി .ഷൺമുഖം റോഡും ബാനർജി റോഡും ചുറ്റി മാധവ ഫാർമസി ജംഗ്ഷനിലെത്തുമ്പോൾ എങ്ങനെയോ അതിൽ പത്തമ്പതാളുകളായി കെ.പി.സി.സി ജംഗ്ഷൻ കടക്കുമ്പോൾ അണികൾ  നൂറു കവിഞ്ഞു .മഹാരാജാസ് കാമ്പസിൽ കലാശം കൊട്ടുമ്പോഴാവട്ടെ അതൊരു പ്രവാഹം പോലെ തോന്നിച്ചു .

    എ.കെ ആന്റണിയുടെ ആദർശ ധീരത പ്രഘോഷണം ചെയ്യപ്പെട്ട രാത്രിയിൽ പി.ടി തോമസ് ഉറങ്ങിയിട്ടില്ല .കൂട്ടുകാരും ഉറങ്ങിയില്ല ,പുലർച്ചെ നാലുമണിക്ക്  റെയിൽവേ സ്റ്റേഷനിൽ പോയി അവർ മാതൃഭൂമി വാങ്ങി സർവത്ര ആന്റണിമയം കുറെക്കൂടി പുലർന്നപ്പോൾ ദേശാഭിമാനി വന്നു . മുഴുക്കോളത്തിൽ ആന്റണിയെ പുകഴ്ത്തി തലവാചകം .വലിയ ഫോട്ടോ !
     
   കാമ്പസ് തെരഞ്ഞെടുപ്പ് ചൂടിലായിരുന്നു .ആൻറണിയെ പുകഴ്ത്തിയ ദേശാഭിമാനി അന്നു പകൽ KSU ജാഥകളുടെ പ്ലക്കാർഡായി , വെക്കെടോ മോനായി ചെങ്കൊടി താഴെ , എന്നായി ചിലരുടെ മുദ്രാവാക്യം .SFl നേതാവ്  Mm മോനായി Meat the candidate പ്രോഗ്രാമിൽ ആൻറണിയെ ' അധികാര മോഹിയായി പരിഹസിച്ചതിന്റെ ചൊരുക്ക് . 
ഫലം വന്നപ്പോൾ മോനായി പൊട്ടി സിംഹഭാഗം സീറ്റും KSU തൂത്തുവാരി സംസ്ഥാനത്തെമ്പാടും KSU തകർന്നടിഞ്ഞപ്പോൾ മഹാരാജാസ് മറിച്ചൊരു  വിധിയെഴുതുകയായിരുന്നു .
അത് പി.ടി തോമസിന്റെ വിജയമായിരുന്നു " ശൂന്യതയിൽനിന്ന് ആൾകൂട്ടത്തെ സൃഷ്ടിക്കുന്നവന്റെ വരവായിരുന്നു " 
     
       70 കളുടെ ഉത്തരാർദ്ധത്തിൽ മഹാരാജാസിൽ എം.എയ്ക്ക് ചേരുമ്പോഴേ പി.ടി തോമസ് പ്രസിദ്ധനാണ് . അവിഭക്ത കേരള യൂണിവേഴ്‌സിറ്റിയുടെ സെനറ്റ് മെമ്പർ ,കെ.എസ്.യുവിന്റെ ജില്ലാ പ്രസിഡന്റ് എന്നിങ്ങനെ സ്ഥാനമാനങ്ങൾ ,
 എസ്.എഫ്.ഐ യുടെ ചുവപ്പു കോട്ട പ്രകോപനങ്ങളോടെ പി.ടി യെ സ്വീകരിച്ചു.
ഹോസ്റ്റലിൽ പി.ടിയെ താമസിപ്പിക്കില്ലെന്ന് SFI യും എന്നാൽ അതൊന്ന് കാണണമെന്ന് പി.ടിയും ബലം പിടിച്ചു.നീണ്ട സംഘർഷങ്ങൾ അവിടെ തുടങ്ങി KPCC ഓഫീസ് തകർക്കലിൽ വരെ അതെത്തി .
രണ്ടു വർഷത്തെ പഠനകാലത്ത് 64 ദിവസങ്ങൾ പലപ്പോഴായി പി.ടി  പരിക്കേറ്റ്ജ നറലാശുപത്രിയിൽ കഴിഞ്ഞു .
അക്കാലത്തെ മർദ്ദനങ്ങളുടെ പാടുകൾ ഉപ്പോഴും നെറ്റിയിലും മുതുകിലും തിണർത്തു കിടപ്പുണ്ട് .
 തേവര കോളേജ്  മാനേജ്മെന്റിനെതിരായ സംയുക്ത വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ പോലീസിന്റെ വകയായും കിട്ടി അതിക്രൂര മർദ്ദനം 
റോഡിൽ മലർന്നു വീണ പി.ടിയെ പോലീസുകാർ വളഞ്ഞു നിന്ന് തല്ലിച്ചതയ്ക്കുന്നത്  പ്രസ്ക്ലബിനു മുകളിൽ നിന്ന് മാതൃഭൂമി ഫോട്ടോഗ്രാഫർ പൗലോസ് കാമറയിലാക്കി ആ ചിത്രം അദ്ദേഹത്തിന് ഒരു അന്തർദേശീയ അവാർഡും നേടിക്കൊടുത്തു 

 നട്ടെല്ലിൽ ഭേദമാകാത്ത പരിക്കുമായി പിടി അനേക വർഷങ്ങൾ ആശുപത്രികൾ കയറിയിറങ്ങി 


                 തുടരും.................

അടുത്ത ഭാഗം കാമ്പസ് പ്രണയവും                        വിവാഹവും                        


Sunday 11 February 2018

            എഴുതാനൊരിടം 

ഒരണ സമരം
--------------

1958 ജൂലായ്‌ 14 മുതൽ ആഗസ്റ്റ്‌ 3 വരെ കേരളത്തിൽ നടന്ന വിദ്യാർത്ഥിപ്രക്ഷോഭം ആണു ഒരണസമരം. കേവലം ഒരു വിദ്യാർത്ഥിപ്രതിഷേധസമരം എന്നതിനപ്പുറം വിമോചനസമരത്തിന്റെ ഒരു ഉപോലപ്പന്നമെന്ന നിലയ്ക്കും 1957ലെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ പതനത്തിന്റെ പല കാരണങ്ങളിൽ ഒന്നെന്ന നിലക്കും ഒരണ സമരത്തിനു പല മാനങ്ങളും ഉണ്ട്‌.

പൊതുഗതാഗതസംവിധാനത്തെ ദേശസാൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ അന്നത്തെ ഗതാഗതമന്ത്രി ആയിരുന്ന ടി വി തോമസ്‌ ആവിഷ്കരിച്ച പദ്ധതിയുടെ ആദ്യപടിയായി കുട്ടനാടൻ മേഖലയിലെ ബോട്ടുസർവീസുകളിൽ തന്നെ സർക്കാർ പിടിമുറുക്കി. ഇത്തരം നിയന്ത്രണങ്ങൾ വരുന്നത്‌ വരെ കുട്ടനാട്ടിലെ ജലഗതാഗതം നിയന്ത്രിച്ചിരുന്നതും പൂർണ്ണമായും കയ്യടക്കി വെച്ചിരുന്നതു പ്രമാണിമാരായ സ്വകാര്യവ്യക്തികൾ ആയിരുന്നു; അതിൽത്തന്നെ ഭൂരിഭാഗവും ക്രൈസ്തവസമുദായക്കാരും. സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നതിനു മുമ്പ് ഉടമകൾ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് നിരക്കുകൾ നിശ്ചയിച്ചിരുന്നത്. ബോട്ടുടമകളുടെ ഈ നടപടികൾ അവസാനിപ്പിക്കാനും, ജനങ്ങൾക്ക് ഏകീകരിച്ച് നിരക്കുകൾ ലഭ്യമാക്കാനും വേണ്ടിയാണ് സർക്കാർ ബോട്ടു ഗതാഗതം ദേശസാൽക്കരിക്കാൻ തീരുമാനിച്ചത്.

പദ്ധതി നടപ്പിലായി. തൊഴിലാളിസർക്കാർ ബോട്ട്‌മുതലാളി ആയതോടെ ജീവനക്കാരുടെ നില മെച്ചപ്പെട്ടു; വേതന വർദ്ധന നിലവിൽ വന്നു. പക്ഷേ, നടത്തിപ്പ്ചെലവ്‌ ഗണ്യമായി വർദ്ധിച്ചു, യാത്രാനിരക്ക്‌ വർദ്ധിപ്പിക്കാൻ നിർബന്ധിതമായി. വിദ്യാർത്ഥികളുടെ ബോട്ടുകൂലി ഒരണ (ആറുപൈസ) എന്നത്‌ പത്ത്‌ പൈസ ആയി വർദ്ധിപ്പിച്ചു. വിദ്യാഭ്യാസബിൽ പ്രശ്നത്തിൽ നേരത്തെ തന്നെ സർക്കാരുമായി ഇടഞ്ഞിരുന്ന കത്തോലിക്കാസഭയെ  ഇത്‌ കൂടുതൽ രോഷാകുലരാക്കി (ദേശസാൽക്കരിച്ച സർവ്വീസുകളിൽ മിക്കതും ക്രൈസ്തവ പ്രമാണിമാരുടേതായിരുന്നു). സർക്കരിനെ അടിക്കാൻ പുതിയ വടി കിട്ടിയ പ്രതിപക്ഷകക്ഷികൾ ചാർജ്ജ്‌വർദ്ധനയെ ശക്തിയുക്തം എതിർത്തു. അന്ന് ശൈശവദശയിൽ ആയിരുന്ന കേരളാ സ്റ്റുഡന്റ്സ്‌ യൂണിയൻ (KSU), പ്രതിപക്ഷനേതാവ്‌ പി ടി ചാക്കോയുടെ അനുഗ്രഹാശിസുകളോടെ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു.

1958 ജൂലൈ 14ന് പ്രത്യക്ഷസമരം ആരംഭിച്ചു.കുട്ടനാടൻ പ്രദേശത്ത് വിദ്യാർത്ഥികൾക്ക് ബോട്ടുടമകൾ നൽകിയിരുന്ന ഒരണ കൺസഷൻ നിലനിർത്തണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ചമ്പക്കുളം നദിക്കു കുറുകെ കയർവടം വലിച്ചുകെട്ടി ബോട്ടു ഗതാഗതം തടഞ്ഞുകൊണ്ടായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. ബോട്ടുഗതാഗതം തടസ്സപ്പെടുത്തിയതിന് ഇരുപതോളം വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇത് സമരത്തിന്റെ ശക്തി വർദ്ധിപ്പിച്ചു.

പക്ഷേ 'കുട്ടികളുടെ സമരത്തെ' സർക്കാർ ഗൗനിച്ചതുപോലും ഇല്ല. ബോട്ടുസമരം കത്തോലിക്കാ സഭയുടെ സൃഷ്ടിയാണെന്ന് പാർട്ടി വിലയിരുത്തി. 'പുണ്യാളന്മാരുടെ സമരം' എന്ന് സ: പി ടി പുന്നൂസ്‌ പുച്ഛിച്ചു. സമരത്തെ ചെറുത്ത്‌ തോൽപ്പിക്കുമെന്ന് സി പി ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി സ: വി എസ്‌ അച്ചുതാനന്ദൻ പ്രഖ്യാപിച്ചു. പക്ഷേ, കമ്മ്യൂണിസ്റ്റു പാർട്ടിയുടെയും ഗവണ്മെന്റിന്റെയും കണക്കുകൂട്ടലുകൾ തകിടം മറിച്ച്‌ സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിച്ചു. പലയിടങ്ങളിലും സമരക്കാർ പൊലിസിന്റെയും സമരം നേരിടാനിറങ്ങിയ സഖാക്കളുടെയും കയ്യിൽ നിന്നും തല്ല് വാങ്ങിക്കൂട്ടി. ഇത്‌ പ്രതിപക്ഷത്തിന്റെയും ആവേശം കൂട്ടി. വിദ്യാർത്ഥികളെ തല്ലിച്ചതക്കുന്ന കാടത്തത്തിനെതിരെ നേതാക്കൾ ഘോരഘോരം പ്രതിഷേധിച്ചു. ആലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ പോലീസ് 144 പ്രഖ്യാപിച്ചു. കോൺഗ്രസ്സ്, ആർ.എസ്.പി തുടങ്ങിയ പാർട്ടികളിലെ നേതാക്കൾ വിദ്യാർത്ഥികളോട് നിയമം ലംഘിക്കാൻ ആഹ്വാനം ചെയ്തു.ഇതേ തുടർന്ന് 134 വിദ്യാർത്ഥികൾ അറസ്റ്റു ചെയ്യപ്പെട്ടു. 20000 ഓളം വിദ്യാർത്ഥികൾ പഠിപ്പുമുടക്കി സമരപാതയിലേക്കിറങ്ങി.

'മനോരമ'യും 'ദീപിക'യും കൂടുതൽ ആവേശത്തിൽ സർക്കാരിനെ താഴെ ഇറക്കാൻ എഡിറ്റോറിയൽ കോളങ്ങൾ നിറച്ചുകൊണ്ടിരുന്നു. ഗവണ്മെന്റിനോട്‌ അനുഭാവ നിലപാടെടുത്തിരുന്ന 'മാതൃഭൂമി' വരെ പൊലിസിന്റെ കിരാതവാഴ്ചയെ ശക്തമായി അപലപിച്ചു. പ്രതിപക്ഷം സാധാരണപോലെ സർക്കാരിന്റെ രാജി ആവശ്യപ്പെട്ടു. അതേ സമയം സമരത്തെ ഏതു വിധേനേയും ചെറുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രാദേശിക കമ്മറ്റികളോട് പാർട്ടി സെക്രട്ടറി എം എൻ ഗോവിന്ദൻനായർ ആഹ്വാനം ചെയ്തു. 1958 ജൂലൈ 23 ന്  വിദ്യാർത്ഥികൾ ആലപ്പുഴ പട്ടണത്തിൽ നടത്തിയെ ഒരു ജാഥയെ പാർട്ടിപ്രവർത്തകരും, പോർട്ടർമാരും അടങ്ങുന്ന ഒരു സംഘം ആക്രമിച്ചു. ഇതിനെത്തുടർന്ന് സമരം തങ്ങൾ ഏറ്റെടുക്കുകയാണെന്ന് പ്രതിപക്ഷപാർട്ടികൾ പ്രഖ്യാപിച്ചു.

സമരം കൈവിട്ട്‌ പോയി തുടങ്ങിയതോടെ സർക്കാരും കോൺഗ്രസ്‌ നേതൃത്വവും ഒരുപോലെ പ്രതിരോധത്തിൽ ആയി. നിസാരമായി പരിഹരിക്കാവുന്ന ഒരു പ്രശ്നം വഷളാക്കിയത്‌ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് കമ്മ്യൂണിസ്റ്റ്‌ പാർട്ടി വിലയിരുത്തി. കോൺഗ്രസ്‌ നേതൃത്വത്തോട്‌ ആലോചിച്ചിട്ടല്ല വിദ്യാർത്ഥികൾ തെരുവിലിറങ്ങിയതെന്ന് കെ പി സി സി പ്രസിഡന്റ്‌ ദാമോദരമേനോൻ അഭിപ്രായപ്പെട്ടു.

അവസാനം സമരം തീർക്കാൻ 'കേരളഗാന്ധി' കെ കേളപ്പൻ മുന്നിട്ടിറങ്ങി. സമരനേതാക്കളും സർക്കാരുമായി നടന്ന ചർച്ചയിൽ 1958 ആഗസ്റ്റ്‌ 3ആം തിയതി സമരത്തിനു വിരാമമായി. വിദ്യാർത്ഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കാനും തടവിലുള്ളവരെ മോചിപ്പിക്കാനും സമരത്തിന്റെ ഭാഗമായുണ്ടായ ഹാജർ നഷ്ടം പരിഹരിക്കാനും ധാരണയായി. ലാത്തി ചാർജ്ജിനെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്താമെന്നും തീരുമാനിച്ചു.  വിദ്യാർത്ഥികളുടെ യാത്രാക്കൂലി പ്രശ്നത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ ഒരു കമ്മീഷനെ വെയ്കാമെന്നും, കമ്മീഷന്റെ റിപ്പോർട്ട് വരുന്നതുവരെ വിദ്യാർത്ഥികൾക്ക് ബോട്ടുകളിൽ ഒരണ നിരക്ക്‌ തുടരാമെന്നുമുള്ള തീരുമാനത്തിൽ സമരം രാജിയായി (ഇതിൽ പലതും പിന്നീട്‌ തീരുമാനങ്ങൾ മാത്രം ആയി ഫയലിൽ ഉറങ്ങിപ്പോയതും സർക്കാർ, വ്യവസ്ഥകളിൽ നിന്നും മലക്കം മറിഞ്ഞതും ഒരണസമരത്തിന്റെ ആന്റി ക്ലൈമാക്സ്‌)

ഇതുംകൂടി:
1)KSU എന്ന സംഘടന കേരളത്തിൽ വേരുറപ്പിക്കുന്നതിനും പിന്നീട്‌ ഒരു കാലത്ത്‌ കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനം ആയി മാറുന്നതിനും മൈലേജ്‌ നൽകിയത്‌ ഈ സമരം ആണു.
2)വിമോചന സമരത്തിനു അനുകൂല നിലപാട്‌ സ്വീകരിച്ചിരുന്നതിനാൽ സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളുടെ അകമഴിഞ്ഞ സഹകരണവും KSUവിന്റെ പൊടുന്നനെയുള്ള വളർച്ചക്ക്‌ കാരണമായി.
3)അന്നത്തെ സമരത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്ന ആൾ ആയിരുന്നു കോൺഗ്രസ്സ്‌ നേതാവ്‌ ദേവകീ കൃഷ്ണന്റെ മകൻ രവീന്ദ്രൻ. ഇദ്ദേഹം പിൽക്കാലത്ത്‌ വയലാർ രവി എന്ന പേരിൽ പ്രശസ്തനായി.
4)ഒരണസമരം സംഭാവന ചെയ്ത മറ്റൊരു പ്രമുഖ നേതാവാണു എ കെ ആന്റണി.

Wednesday 7 February 2018

രഘുവരന് എന്താണ് സംഭവിച്ചത് ??
******************************——–
രഘുവേട്ടാ ………..
മീര , അടുക്കളയിൽ നിന്നും , ലഞ്ച് ബോക്സുമായി , പുറത്തേക്കു വന്നതേ ഉള്ളൂ .പുറത്തു ബൈക്ക് സ്റ്റാർട് ചെയ്യുന്ന ശബ്ദം കേട്ടു .
ഇന്നും മറന്നു . മീര നിരാശയോടെ കൈയിലിരിക്കുന്ന , ചോറും പൊതിയിലേക്കു നോക്കി . രാവിലെ നാലര മണിക്ക് എഴുന്നേറ്റിട്ടാ .എല്ലാം ഒന്നും ശരിയാക്കുന്നേ. അമ്മുവിന് ദോശ , രഘുവേട്ടന് ഇഡലി ..ചായ , രണ്ടാൾക്കും ഉച്ചക്കത്തേയ്ക്കുള്ള ഊണ് , കറികൾ .രണ്ടാം ക്‌ളാസിൽ എത്തിയതേ ഉള്ളൂ .എങ്കിലും പെണ്ണിന് ഇപ്പോഴേ വല്ലാത്ത വാശിയാ ..ഇഷ്ടപ്പെട്ടത് മേശയിൽ കണ്ടില്ലെങ്കിൽ , ഒന്നും മിണ്ടില്ല കഴിക്കാതെ പോകും അത്ര തന്നെ . അച്ഛന്റെ അതേ വാശി . ഇന്നലെയാണെങ്കിൽ , രഘുവേട്ടൻ , ആരോടോ വാശി തീർക്കും പോലെ ആയിരുന്നു . ദേഹമാസകലം ഒടിഞ്ഞു നുറുങ്ങുന്ന വേദന തോന്നിയെങ്കിലും , ഒന്നും മിണ്ടിയില്ല . കണ്ണുകൾ നിറഞ്ഞതു , കണ്ടതുമില്ല . രാവിലെ എങ്ങനെയാ എഴുന്നേറ്റത് എന്ന് ഈശ്വരന് മാത്രമേ അറിയൂ .. അപ്പോഴാ ..ഈ മറവി കൂടി ..
രഘുവേട്ടൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല . ഇപ്പോൾ കുറച്ചു നാളുകളെ ആയുള്ളൂ. ഇങ്ങനെയൊക്കെ . പണ്ടൊക്കെ എന്ത് സ്നേഹമായിരുന്നു . രാവിലെ പോകുമ്പോൾ , മോള് കാണാതെ , ചേർത്ത് പിടിച്ചു , നെറ്റിയിലുരുമ്മ . അത് മതിയായിരുന്നു . എല്ലാ കഷ്ടപ്പാടും മറക്കാൻ .ഇപ്പോൾ അതും ഇല്ലാ .. രാത്രിയാകാൻ കാത്തിരുന്നിട്ടുണ്ട് . ഇപ്പോൾ , ചിലപ്പോൾ വല്ലാത്ത ക്രൂരത , ചിലപ്പോൾ തന്നെ ശ്രദ്ധിക്കുകകൂടി ഇല്ല .ചിലപ്പോൾ എന്തൊക്കെയോ , വരുത്തി തീർക്കാൻ വേണ്ടി … എന്താണ് രഘുവേട്ടന് പറ്റിയത് ..നനഞ്ഞ കണ്ണുകൾ , നേര്യതിന്റെ തുമ്പിൽ തുടച്ചു , ആകുലത നിറഞ്ഞ മനസ്സുമായി മീര , അടുക്കളയിലേക്കു കയറി ..
അമ്മുവിൻറെ സ്‌കൂൾ വണ്ടി , നീട്ടി ഹോൺ അടിച്ചു ..
അമ്മു ദേ ..വണ്ടി വന്നു ….. ഇറങ്ങിയില്ലേൽ നീ …..
മുഖത്തെ വിയർപ്പു തുടച്ചു , മീര അമ്മുവിൻറെ പുറകെ ഇറങ്ങി ,…അപ്പോഴും മനസ്സില്‍ ഒരു ചോദ്യം ബാക്കി ..രഘുവേട്ടന് എന്താണ് പറ്റിയത് ..??
***********************************************
ഇന്നും രഘു സര്‍ , താമസിച്ചല്ലോ …..
അതെ , ഞാന്‍ ഇവിടെ ഓഫീസില്‍ ജോയിന്‍ ചെയ്തതില്‍ പിന്നെ ..കൃത്യ സമയത്ത് ഓഫീസില്‍ വരുന്ന ഒരേ ഒരാളെയേ കണ്ടിട്ടുള്ളു ..അത് രഘു സര്‍ ആണ് .. പക്ഷെ ഇപ്പോള്‍ കുറച്ചു നാളായി , അങ്ങേരും എല്ലാരേം പോലെയായി …
അത് മാത്രമല്ല മധു ..നീ ശ്രദ്ധിച്ചോ ..ആളിപ്പോ , ഇവിടെ എങ്ങും അല്ലാ ..പണ്ട് എല്ലാരോടും എന്നാ സംസാരം ആയിരുന്നു …ഇപ്പോള്‍ വന്നിരുന്നാല്‍ ഏതാണ്ട് റോബോട്ട് പോലെയാ ..അഞ്ചു മണിക്കേ കസേരയില്‍ നിന്നും എഴുന്നേല്‍ക്കൂ ..എന്തേലും അത്യാവശ്യ കാര്യം ഉണ്ടെങ്കില്‍ മാത്രം സംസാരിക്കും . …
ആണോ ..ഞാന്‍ അതത്ര ശ്രദ്ധിച്ചില്ല കേട്ടോ .. ഇനി വല്ല പിച്ചോ ഭ്രാന്തോ വല്ലോം ആണോ … ?
ഹേയ് അങ്ങനെയാണേല്‍ ഈ ജോലിയൊക്കെ ശരിക്കും ചെയ്യാന്‍ പറ്റുമോ ..??
അതും ശരിയാ …എന്തായാലും എന്തോ കുഴപ്പമുണ്ട് .. വല്ല കുടുംബ പ്രശ്നവും ആകും …ഹല്‍വ പോലെ ഒരെണ്ണം അല്ലെ വീട്ടില്‍ ഇരിക്കുന്നേ ….
ഫ ..വൃത്തിക്കേട്‌ പറയുന്നോ ..നിന്നെ ഒക്കെ എങ്ങനെ വീട്ടില്‍ കേറ്റും …..
നിങ്ങള്‍ എന്നെ വീട്ടില്‍ കയറ്റണ്ടായെ ..അതിനു പകരം ..നമ്മുടെ സ്വീപര്‍ രമണിയക്ക വരുന്നുണ്ടല്ലോ ….
സ്റീഫന്റെ മുഖം പെട്ടെന്ന് മാറി . ആകെ നീലച്ചു
അതെ , നീ ചെന്ന് നിന്റെ പണി ചെയ്യ് മധു ..ഇവിടെ നൂറു കൂടം പണിയുള്ളതാ …
ഉവ്വാ ഉവ്വാ ..അപ്പൊ ശരി സാറെ ..ഞാന്‍ പോണു , വൈകിട്ട് കാണാം …
സ്റീഫന്‍ ഒരു ഫയല്‍ എടുത്തു തുറന്നു ..ഈ രമണിയുടെ കാര്യം എങ്ങനാ ,,, ഇവന്‍ അറിഞ്ഞേ …
മധുവിന്റെ മനസ്സില്‍ അപ്പോഴും രഘു ആയിരുന്നു . എന്തായിരിക്കും സാറിനു പറ്റിയത് .. ??
*****************************************
“ഇതെന്നാ സാറേ …ചായ വേണ്ടേ …. ? ”
രഘുവരന്‍ തിരിഞ്ഞു നോക്കി .
“ഞാന്‍ ചായ കുടിച്ചില്ലേ …?”
” സാര്‍ ഇത് ഏതു ലോകത്താ സാറേ ..സര്‍ ..എന്നത്തേയും പോലെ വന്നിരുന്നു ..ഞാന്‍ ചായ എടുത്തു വെച്ചു . പിന്നെ നോക്കുമ്പോള്‍ സാര്‍ ദേ ബൈക്കില്‍ കേറുന്നു ..അതല്ലേ വിളിച്ചേ .. ”
ഹെല്‍മെറ്റ്‌ ഊരി ബൈകിന്റെ സ്റ്റാന്‍ഡില്‍ തൂക്കി . രഘുവരന്‍ മെല്ല നടന്നു വന്നു .ഒറ്റ വലിക്കു ചായയും കുടിച്ചു തിരിച്ചു ബൈക്കില്‍ കയറുന്ന രഘുവരനെ , രാമേട്ടന്‍ അത്ഭുതത്തോടെയാണ്‌ നോക്കിയത് . സാധാരണ , എന്നും വൈകുന്നേരം വന്നു , നല്ല സ്ട്രോങ്ങ്‌ ഒരു ചായ ..മെല്ലെ ഊതി , ഊതി കുടിച്ചു ..അവസാനം പോകാന്‍ നേരം ..” രാമേട്ടാ ..ചായ ഉഗ്രനായീട്ടോ ..” എന്നൊരു വാക്കും , ചിരിയും സമ്മാനിച്ചു പോകാറുള്ള ആളാണ്‌ .. ഇപ്പോള്‍ കുറച്ചു ദിവസമായി ..വല്ലപ്പോഴുമേ വരാറുള്ളു . വന്നാല്‍ തന്നെ ചിലപ്പോള്‍ എന്തൊക്കയോ ആലോചിച്ചിരിക്കും ..ചിലപ്പോള്‍ ചായ കുടിക്കും ..ചിലപ്പോള്‍ ഇല്ലാ .. സംസാരം തീരെ ഇല്ലാ ….
“ഈ സാര്‍ നു ഇത് എന്ത് പറ്റി ആവോ .. ?? ”
രാമേട്ടാ …ഒരു സ്ട്രോങ്ങ്‌ എടുത്തോ …
റോയ് സര്‍ ഇന്ന് നേരത്തെയാണല്ലോ ….. ??
**********************************************
അച്ചോ ….
പള്ളിമുറ്റത്തെ , ഗ്രീൻ ബുഷ് , വെട്ടി ഷേപ്പ് ചെയ്തു കൊണ്ടിരുന്ന , സാമുവേൽ അച്ചൻ തിരിഞ്ഞു നോക്കി .പരിചയമില്ലാത്ത മുഖമാണ് ..ഇപ്പോൾ ഈ സമയത്തു ..
“അച്ചോ ..എനിക്കൊന്നു കുമ്പസാരിക്കണം ”
“നിന്നെ ഞാൻ പള്ളിയിൽ കണ്ടിട്ടില്ലല്ലോ മോനെ … ” അച്ചൻ നരച്ച താടി തടവി .
ഞാൻ കുറച്ചു അകലേന്നാ …രഘു …ഹിന്ദുവാ ….
ഹഹ … കർത്താവിനെന്തു ഹിന്ദു .എന്ത് ക്രിസ്ത്യൻ ..അവനു മുന്നിൽ എല്ലാരും മനുഷ്യരാ മകനേ .. നീ വാ ….
അച്ചൻ മുന്നേ നടന്നു .. തിരുവസ്ത്രം ധരിച്ചു , കുമ്പസാരക്കൂടിനു അരികിലേക്ക് നടക്കുമ്പോൾ അച്ചൻ ഒരിക്കൽ കൂടി , അപരിചിതനെ നോക്കി . പാറി പറന്ന മുടി ..ദിവസങ്ങളായി ഷേവ് ചെയ്യാത്തത് മൂലം വളർന്നു നിൽക്കുന്ന പാതിയും നരച്ച താടി രോമങ്ങൾ . കണ്ണിനു ചുറ്റും , കറുത്ത പാടുകൾ ..ചുണ്ടുകൾ എന്തോ പിറുപിറുക്കുന്നുണ്ട് .. നോട്ടം ഒന്നിൽ നിന്നും ഒന്നിലേക്ക് . കൈകൾ കൊരുത്തു വലിക്കുന്നു ..ഇടയ്ക്കു തലമുടി , വലിച്ചു ഉലയ്ക്കുന്നുണ്ട് ..വല്ലാത്ത ഒരു ഭാവം .
കുമ്പസാരകൂട്ടിൽ അയാൾ ഒന്നും സംസാരിച്ചില്ല . ആകെ വിങ്ങിപ്പൊട്ടി . വിയർത്തു ..കരഞ്ഞു .. നിർത്താതെ അയാൾ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു . അയാൾക്ക് മാത്രം മനസിലാകുന്നവ . സാമുവേൽ അച്ചൻ കണ്ണുകൾ അടച്ചു . കാതുകൾ കൂർപ്പിച്ചു . ഇടയ്ക്കു തലയാട്ടി … അൽപ നേരം …പെട്ടെന്നയാൾ പിടഞ്ഞെഴുന്നേറ്റു ..കുമ്പസാരക്കൂട്ടിൽ തട്ടി , അയാൾ വീഴാൻ ഭാവിച്ചു , കാറ്റ് പോലെ മുന്നോട്ടു ഓടിയ അയാളെ തടയാൻ ആർക്കും ആകുമായിരുന്നില്ല . ഭ്രാന്തു പിടിച്ചവനെ പോലെ , അയാൾ പള്ളി നടകൾ ഓടി ഇറങ്ങി .
” എനിക്ക് രക്ഷിക്കാമായിരുന്നു … അവരെ ..അവരെ എനിക്ക് രക്ഷിക്കാമായിരുന്നു … ”
സാമുവൽ അച്ചൻ പിൻതിരിഞ്ഞു, ക്രൂശിത രൂപത്തിന് മുന്നിൽ മുട്ടി കുത്തി .. അച്ചന്റെ കണ്ണുകൾ നിറഞ്ഞിരുന്നു . വലതു കൈയ്യിൽ കോർത്ത് ഇട്ടിരുന്ന കൊന്തയിൽ കൂടി വിരലുകൾ വളരെ വേഗത്തിൽ ചലിച്ചു കൊണ്ടിരുന്നു ..
” എന്റെ ദൈവത്തെ ..വിശുദ്ധ പിതാവേ …കഴിയുമെങ്കിൽ , ആ പൈതലിന്റെ പാപം അവിടെന്നു പൊറുത്തു കൊടുക്കേണമേ … ”
**************************************
കാവൽ ഇല്ലാത്ത , റെയിൽവേ ക്രോസ്സിന്റെ പിന്നിലുള്ള , കുറ്റിക്കാട്ടിൽ ബൈക്ക് വെച്ച് . ഇരുളിനെ മുറിച്ചു അയാൾ നടന്നു . നിലാ വെളിച്ചം തീരെ ഇല്ലാത്ത ഒരു രാത്രി . അയാളുടെ ചുണ്ടുകൾ അപ്പോഴും എന്തോ പിറു പിറുത്തു കൊണ്ടിരുന്നു ..
താരങ്ങൾ പൂത്തു നിൽക്കുന്ന ഒരു രാത്രി .. കുര്യാക്കോസിന്റെ അവധിക്കാല ബംഗ്ളാവ് . ഏക്കറുകൾ വരുന്ന , റബ്ബർ എസ്റ്റേറ്റിന്റെ ഉള്ളിൽ , അധികം ആരും കടന്നു വരാത്ത സ്ഥലം .പഴയ ഡിഗ്രി കൂട്ടുകാരുടെ ഗെറ്റ് ടുഗതർ . സ്ക്കോച്ചും വിസ്ക്കിയും ഷാംപൈനും ..ഗ്ലാസ്സുകൾ നിറയുന്നു ..
“എത്ര വയസ്സ് വരും ..”
ഒരു ..പതിനഞ്ചു ..പതിനാറു …
ആഹാ ..പൊളിച്ചു …രണ്ടെണ്ണം ഇല്ലേ ….
ഉണ്ട് ..മോനെ ..നീ ഒന്നടങ്ങു് ………..
“കുര്യാ .. എടാ ..കുട്ടികൾ ആണ് …വേണ്ടെടാ …. ”
” നീ ഒന്ന് പോ .. മൈ***&&%% …. എത്ര ക്യാഷ് കൊടുത്തിട്ടാണെന്ന് അറിയാമോ ..അപ്പൊ അവന്റെ ഒരു വേദാന്തം … ”
” എടാ ..നമുക്കും ഇല്ലെടാ ..കുട്ടികൾ … ”
” ഈ നായിന്റെ മോനെ വിളിക്കണ്ടാന്നു ഞാൻ അന്നേ പറഞ്ഞതാ ..ഇറങ്ങേടാ നാറി , എന്റെ വീട്ടീന്ന് .. ”
ആരൊക്കയോ കുര്യാക്കോസിനെ പിടിച്ചു മാറ്റുന്നു …
” രഘു ..നീ എന്താടാ ഇങ്ങനെ ..ഇതൊക്കെ ഒരു രസമല്ലേ … ”
കൈകൾ വിടുവിച്ചു പുറത്തേക്കിറങ്ങി . ..
” എനിക്ക് ആകുമായിരുന്നു ..അവരെ രക്ഷിക്കാൻ .. എനിക്ക് മാത്രം .. ”
അയാളുടെ മനസ്സിൽ , എന്നോ എവിടെയോ കണ്ട ഒരു ബൈബിൾ വചനം ഓർമ്മ വന്നു ..
” പാപത്തിന്റെ ശമ്പളം , മരണമത്രേ … ”
അകലെ നിന്നും ..ട്രെയിൻ വരുന്ന ശബ്ദം അയാൾ കേട്ടു . മരണത്തിന്റെ ശബ്ദം . അയാൾ ആകാശത്തേയ്ക്ക് നോക്കി .. കൂട്ടം മാറി നിൽക്കുന്ന , തിളക്കമുള്ള രണ്ടു കുഞ്ഞൻ നക്ഷത്രങ്ങൾ അയാളെ നോക്കി കണ്ണടച്ചു . അയാളും …………
************************************************
” റയിൽവെ ട്രാക്കിൽ അപരിചിതന്റെ ശവശരീരം . മൂന്നു മാസം മുൻപ് . ഓർഫനേജിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളുടെ ശവശരീരം കിടന്ന അതെ സ്ഥലത്തു നിന്നുമാണ് ഈ ബോഡിയും കിട്ടിയത് . കുട്ടികളുടെ തിരോധാനവും ,മരണവും അവർ കൂട്ട ബലാസംഘത്തിന് ഇരയായി എന്ന വാർത്തയും പുറത്തു വന്നതിനു ശേഷം നടന്ന ഈ മരണവും .പൊലീസിന് തീരാ തലവേദനയായി . രണ്ടു സംഭവങ്ങൾ തമ്മിലും എന്തെങ്കിലും തരത്തിൽ ബന്ധം ഉണ്ടോ എന്ന് ഉന്നത പോലീസ് സംഘം അന്വോഷിക്കും ”
**********************************
അമ്മേ ………….അച്ചൻ എന്താ വരാത്ത ……………………..
അച്ചൻ വരും മോളെ … മോള് , ചോറ് കഴിക്കു ..നല്ല വാവയല്ലേ …
മീരയുടെ കണ്ണുകൾ നിറഞ്ഞു .
അടുപ്പിൽ എരിതീയിൽ കത്തി തീർന്ന കുറെ സത്യങ്ങൾ , മീരയിൽ അവസാനിക്കുന്നു …………
*************************************
((അവസാനിച്ചു ..))
എബിന്‍ മാത്യു

Thursday 1 February 2018



ഏട്ടാ.... അന്നൊരു പാട് സന്തോഷത്തോടെയാ ഞാനേട്ടനെ വിളിച്ചത്..
ഉം എന്തേ...."
ഞാൻ വീണ്ടും ഗർഭിണിയായി... നമുക്കൊരുവാവ കൂടി. എന്ത് രസായിരിക്കും അല്ലേ  ഏട്ടാ...

ആഹാ.. കൊള്ളാലോ.. അതും ഈ സമയത്ത്.... നല്ല സാമ്പത്തിക ഭദ്രത ആയതിനാൽ ഒരു കുഴപ്പവുമില്ല... നിനക്ക് പെറ്റ് കൂട്ടിയാ മതി ലോ... എന്റെ ശമ്പളം മാത്രം കൊണ്ട് ഇവിടെ എന്ത് ചെയ്യാനാ... ഏട്ടന്റെ ശബ്ദം കനത്തിരുന്നു...

ഏട്ടാ ഞാനാണോ കുറ്റക്കാരി...
ശ്രദ്ധിക്കാറില്ലേ ഞാൻ.. പറഞ്ഞതല്ലേ ഒരു പാട് വട്ടം..... സാരമില്ലെന്ന് പറഞ്ഞത് ഏട്ടനല്ലേ.....എന്നിട്ടും....

നീയൊക്കെ ചാകുവാനല്ലത്.. ഒന്നു മാലോചിക്കാതെ ഇഷ്ടം പോലെ
ചുമ്മാ പാഴ്ചിലവ് ഉണ്ടാക്കി വച്ചോളും..... നാശം....

എന്ത് പറയണമെന്നറിയാതെ സ്തബ്ധയായി നിന്ന എന്റെ കണ്ണിൽ നിന്നും  കണ്ണുനീരൊഴുകി....
ആ നിമിഷം മരിക്കണേ എന്ന് പ്രാർത്ഥിച്ചു..
പക്ഷേ ഒന്നു മറിയാത്ത മോളെയും മുളപൊട്ടിയ കുഞ്ഞിനെയും ഓർത്തപ്പോൾ പ്രാർത്ഥന പൂർത്തീകരിക്കാനായില്ല....

കഴിഞ്ഞ പ്രസവം ഞാനല്ലേ നോക്കിയേ.. ഇത് നിന്റെ വീട്ടുകാർ നോക്കട്ടെ... ഒരു ചെക്കപ്പിന് പോലും അവര്ടെ കയ്യിൽ നിന്നും  പൈസ വാങ്ങിട്ടില്ല... അതോണ്ട് എനിക്ക് ടെൻഷനില്ല..

ഉം... ശരിയാണ്.. പത്ത് പൈസ വാങ്ങിട്ടില്ല. അതോണ്ട് തന്നെ പറയാനൊന്നുമില്ല..
മെല്ലെ ഒന്ന് മൂളി ഞാനകത്തേക്ക് പോയി.. ഏട്ടൻ കേട്ടോന്നറിയില്ല..

ഇതിൽ തെറ്റുകാർ ആരാണ്....
എല്ലാം നോക്കിയതുമാണ്.. പക്ഷേ സമയം ഇതാകും ആരെയും പഴിക്കാനില്ല.... ദൈവം തന്ന സമ്മാനമാണെന്ന് കരുതി മുന്നോട്ട് പോവുക.... പൈസയൊക്കെ ഉണ്ടാകും.. കുഞ്ഞിനും നിനക്കും ഒന്നും വരല്ലേന്നാ എന്റെ പ്രാർത്ഥന... അമ്മയുടെ ഈ വാക്കുകൾ തെല്ലൊരാശ്വാസമായിരുന്നു.....

ഏട്ടൻ പറഞ്ഞതത്രെയും ശരിയാണ്... തനിയെ ഒന്നും കൂട്ടിയാകൂടുന്നില്ല.. ഞാനും കൂടി ജോലിക്കു പോകാന്ന് വിചാരിച്ചിരിക്കുമ്പോഴല്ലേ ഈ സംഭവം... ഗർഭിണികളെ ഒരു സ്ഥാപനത്തിൽ എടുക്കുകയുമില്ല....

ചെക്കപ്പിന് കൂടെ വന്നത് അമ്മയാണ്... ഭർത്താവെവിടെ എന്ന ഡോക്ടറുടെ ചോദ്യത്തിന് ലീവില്ലെന്ന് അമ്മ മറുപടി നൽകി...

മരുന്നെല്ലാം കൃത്യമായി എന്റെ അച്ഛൻ വാങ്ങിത്തന്നു... ഇടക്ക് വീട്ടിലും ഇവിടെയുമായി നിന്നു... മോളുടെ കാര്യങ്ങൾ കൂടി നോക്കി ശരീരം കുറച്ച് ക്ഷീണിച്ചിരുന്നു..  ഏട്ടന്റെ ഒരു സഹായവുമുണ്ടായിരുന്നില്ല... ക്ഷീണമുണ്ടോ എന്നൊരു ചോദ്യം പോലും ഉണ്ടായില്ല...
എന്തെങ്കിലും കഴിക്കാൻ കൊതിയുണ്ടെങ്കിൽ തന്നെയും പൈസയുടെ കാര്യമോർത്ത് മടിച്ചു.... അറിഞ്ഞ് ഒന്നും വാങ്ങിത്തന്നതുമില്ല.

ഏഴാം മാസത്തോടടുത്തെത്തുമ്പോൾ തന്നെ ശരീരം ക്ഷീണിച്ചിരുന്നു...
നന്നായി ഭക്ഷണം കഴിക്കണമെന്ന ഡോക്ടറുടെ താക്കീതിനാൽ കഴിക്കാനത്രെയും അമ്മ നിർബന്ധിച്ചു കൊണ്ടിരുന്നു.... സ്വന്തം കൈകളാലുണ്ടാക്കിയ പലഹാരങ്ങൾ നിറയെ കൊണ്ടു തന്നു. പക്ഷേ ഏട്ടന്റെ സ്നേഹത്തോടെയുള്ള ഒരു നോട്ടം പോലും കിട്ടാത്തതിനാലാകാം ഒന്നും കഴിക്കാൻ തോന്നിയില്ല.... മനസ്സുരുകി കൊണ്ടിരുന്നു..

പ്രസവവേദന തുടങ്ങിയപ്പോഴാണ് ആശുപത്രിയിലെത്തിയത്..... മാസം തികഞ്ഞിരുന്നു... പ്രസവമാകണേ എന്നു മനമുരുകി പ്രാർത്ഥിച്ചു..
ലേബർ റൂമിലേക്ക് കയറാൻ നേരം ഞാനേട്ടനെ നോക്കി...... ആ കണ്ണുകൾ നിറഞ്ഞിരുന്നു... വേഗം വന്നെന്റെ കൈകളിൽ പിടിച്ചു..... അതു വരെ മൂടിവച്ചിരുന്ന സ്നേഹം മോളേ എന്ന വിളിയിൽ പുറത്ത് വന്നു..
കണ്ണുകൾ ഇറുക്കിയടച്ച് ഞാൻ യാത്രയായി.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു:..........
സ്നേഹക്കിത്തിരി കോംപ്ലിക്കേറ്റഡ് ആണ്... ബോഡി വീക്കും .. എപ്പഴോ ഡോക്ടറിന്റെ ശബ്ദം എന്റെ കാതിൽ മുഴങ്ങി.... ഓപ്പറേഷൻ വേണം....
പക്ഷേ ഡോക്ടറുടെ ആ വാക്കുകൾ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഒരലർച്ചയോടെ ഞാനും ആ പിഞ്ചു ജീവനും മരണത്തിനു കീഴടങ്ങി........ ഓവർ ബ്ലീഡിംഗ് ആയത്രെ..

സ്നേഹ ജീവൻ...
ഏട്ടനാ ഓടി വന്നത്..... ഒന്നുമറിയാതെ ജീവന്റെ
ജീവനറ്റ എന്നെയും മോനെയും കാണാൻ ....

മോനായിരുന്നു.. പുറത്തേക്കെടുക്കുമ്പോൾ ബ്ലീഡിംഗിൽ ശ്വാസം മുട്ടിയാത്രെ മോൻ.......

വിശ്വസിക്കാനാകാത്ത വിധം എന്റെ ആത്മാവ് ഏട്ടനെ നോക്കി...
ഒരലർച്ചയോടെ.... പാവം... ഞങ്ങളുടെ മേൽ വീണ് പൊട്ടിക്കരയുന്നുണ്ടായിരുന്നു...

എന്റെ ഭാഗത്തും തെറ്റുണ്ട്
ഏട്ടനെ ഞാനും മനസ്സിലാക്കിയില്ല... ആ മനസ്സും....
ആദ്യ പ്രസവത്തിന് താഴെ വക്കാതെ കൊണ്ടു നടന്ന ഏട്ടൻ എന്തിന് ഇപ്പൊ ഇങ്ങനെ പെരുമാറി എന്ന് ഞാനും ചിന്തിച്ചില്ല... ഏട്ടൻ മിണ്ടിയാലേ ഭക്ഷണവും മരുന്നും കഴിക്കു എന്ന് വാശി പിടിച്ചെങ്കിലും കുഞ്ഞിനെ ഓർത്ത് മരുന്ന് മുടക്കിയിട്ടില്ല... എന്നിട്ടും ദൈവം .... എന്തിനു ഞങ്ങളെ.... ഈശ്വരാ

ഒരു കാര്യം സത്യാ ഏട്ടൻ എന്നെയും മനസ്സിലാക്കിയില്ല...
എന്റെ മനസ്സും... എന്റെ സങ്കടവും ഒന്നും..

പരസ്പരം മനസ്സിലാക്കാത്തതിനാൽ നഷ്ടമായത് എല്ലാം മോൾക്കാണ്..
അവളുടെ അമ്മയെ...
കൂടെ കളിക്കാൻ കാത്തിരുന്ന വാവയെ....
ഒന്നുമറിയാതെ മിഴിച്ചു നിൽക്കുന്ന മോളേ കുറ്റബോധത്താൽ മാറോടണച്ചു കരയുന്ന ഏട്ടൻ.. ക്ഷമിക്ക ടീമോളേ ഏട്ടനോട് എന്നിടക്ക് പറയുന്ന പോലെ...

എന്നാലും

ഇതോടു കൂടി ഈ പാഴ്ചിലവ് ഇവിടെ അവസാനിക്കട്ടെ....... അല്ലേ.... ഏട്ടാ...

🔻🔺🔻🔻🔺🔻🔺🔻🔺🔻🔺🔻🔺🔻

 ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യൂ... 

അതിജീവിച്ച കാലഘട്ടം

ഓരോരുത്തരോടും പറയാൻ കഴിയാത്തതിനാലും എന്നാൽ സമൂഹ മാധ്യമത്തിൽ പറയേണ്ട കാര്യം അല്ലാത്തത്തിനാലും എഴുതുന്നത്... (വളരെ ചുരുക്കം ആളുകൾക്കായി വാട്സാ...