Sunday 4 June 2017

                          എന്റെ അമ്മ 

വളരെക്കാലമായി അമ്മയെക്കുറിച്ച് ഒരു
ഓർമ്മക്കുറിപ്പെഴുതണം എന്ന് വിചാരിക്കുന്നു ഇപ്പോഴാണ്‌ സാധിച്ചത്...
അമ്മയെന്നാൽ വല്യമ്മയാണ് അമ്മയുടെ അമ്മ
ഇടുക്കിയിൽ കട്ടപ്പനയിലാണ് ഞാൻ ജനിച്ചതെങ്കിലും പിച്ചവച്ചു നടന്നുപടിച്ചത് അമ്മയുടെ വീട്ടിലായിരുന്നു അവിടെ നിന്നാണ് ഞാൻ പഠിച്ചത്
ഒരു സാധാരണ കർഷക കുടുംബം
നഴ്സറി തുടങ്ങി നാലാം ക്‌ളാസ്സുവരെ ഞാൻ പഠിച്ചത് പാണ്ടിപ്പാറ st.joseph lp സ്കൂളിലായിരുന്നു.
നന്നായി പഠിക്കുമായിരുന്നെങ്കിലും
 ആ പ്രായത്തിൽ വേണ്ടിയിരുന്നതിൽ കൂടുതൽ കുരുത്തക്കേട്‌ എന്റെ കയ്യിലുണ്ടായിരുന്നു.
അതിനൊക്കെ നല്ല വീക്കും കിട്ടിയിരുന്നു
എന്നാലും ശങ്കരൻ വീണ്ടും തെങ്ങിൽ തന്നെ എന്നപോലെ വീണ്ടും കുരുത്തക്കേടുകൾ നിർലോഭം തുടർന്നുപോന്നു
ആ കാലത്ത് കാണിച്ച ഏറ്റവും വലിയ കുരുത്തക്കേട് എന്താണെന്നു പറയാം...
സ്കൂളിൽ ഉച്ചയ്ക്ക് മേരിച്ചേടത്തിയുടെ കഞ്ഞിയും പയറും തട്ടുന്ന സമയത്ത് സ്കൂൾ മുറ്റത്ത്‌ സ്ഥിരമായി വരാറുള്ള ഒരാളുണ്ട് അപ്പൊ നിങ്ങൾ വിചാരിക്കും
ഏതെങ്കിലും പാവപ്പെട്ടവൻ കഞ്ഞികുടിക്കാൻ വരുന്നതായിരിക്കുമെന്ന്
അല്ല.
അദ്ധേഹത്തിന്റെ പേര് ജോസേട്ടൻ പാണ്ടിപ്പാറയിലെ പോസ്റ്റ്മാനാണ്
വരുന്നത് വേറൊന്നിനുമല്ല
വീടുകളിലേക്കുള്ള എഴുത്തുകൾ കുട്ടികളുടെ കയ്യിൽ കൊടുത്തുവിടാനാണ്
എനിക്കുമാത്രം ഒരിക്കലും എഴുത്തില്ല ഞാൻ പുള്ളിയോട് പറഞ്ഞു ചേട്ടാ എന്റെ വീടിന്റെ അടുത്തുള്ള എഴുത്തുകളെല്ലാം എനിക്ക് തന്നേരെ ഞാൻ കൊടുത്തേക്കാം
കേട്ടപാതി പുള്ളിയൊരു പത്ത് പതിനഞ്ചു കത്തിങ്ങ് തന്നു എന്നും തരും ആദ്യമൊക്കെ ഞാൻ കൃത്യമായി കൊടുത്തു പിന്നെ എല്ലാ മലയാളികളെയും പോലെ സഹജ വാസന എന്നെയും പിടികൂടി  "മടി "
പിന്നെ കിട്ടിയ എഴുത്തുകളൊക്കെ ഞാൻ വീടിന്റെ താഴെയൊരു തോടിന്റെ സൈഡിൽ ഈറ്റ കാടുണ്ട് അവിടെ കൊണ്ട് ഒളിപ്പിച്ചു വച്ചു..
കുറച്ചു കാലമായിട്ട് അയല്പക്കത്തെ ആർക്കും എഴുത്തില്ല എല്ലാവരും പോസ്റ്റ്മാനോട് പരാതി ഞാനാണേൽ പുള്ളീടെ കണ്ണിൽ പെടാതെ മുങ്ങിനടക്കും
അങ്ങനിരിക്കെ ദോണ്ടേ തോടിന്റെ സൈഡിലെ ഈറ്റ വെട്ടി
വെട്ടിയവർ അന്തിച്ചുപോയി
മമ്മീടെ അനിയത്തി ജർമനീന്ന്‌ അപ്പനയച്ച ക്രിസ്മസ് കാര്ഡുതൊട്ട്
അടുത്ത വീട്ടിലെ ഫോൺ ബില്ലും, ബാങ്ക് നോട്ടീസും, ആരാന്റടെ വിസാന്റെ പേപ്പറുവരെ
ദോണ്ടേ ഈറ്റക്കാട്ടിൽ കിടക്കുന്നു.
സ്ഥലത്തെ പ്രധാന തല്ലുകൊള്ളി ഞാനായതുകൊണ്ടും, വിഷയത്തിൽ  മുൻകാല പ്രാബല്യം ഉള്ളതുകൊണ്ടും സ്വാഭാവികമായിട്ടും ഞാൻ തന്നെ വില്ലൻ,
അന്നത്തെ എന്റെയൊരു ശീലമാണ് എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ സ്കൂൾ വിട്ടു വരുന്നവഴി പനിയാണെന്ന് പറഞ്ഞു കിടക്കും,   പനിയാണെന്ന് പറഞ്ഞാൽ തല്ലുകിട്ടില്ലല്ലോ..
അന്നും തഥൈവ
അപ്പോഴേ വല്യപ്പന് കാര്യം പിടികിട്ടി.
ഏറ്റവും വലിയ അടി വാങ്ങിയത് അന്നാണ്
വീടിന്റെ പുറത്ത് പുളിമരം നില്പ്പുണ്ട് അതിൽനിന്നും നല്ല പുളിവാറിങ്ങ് വെട്ടിയിട്ട്    
എന്നെപ്പിടിച്ചു കട്ടിലിന്റെ കാലിൽ കെട്ടിയിട്ടു അടിതുടങ്ങി. ഇന്നെങ്ങാനും ആണെങ്കിൽ വല്യപ്പൻ പൂജപ്പുരയിൽ കിടന്നു ചിക്കനും ചപ്പാത്തീം തട്ടി ഗ്ലാമർ ആയേനെ
അന്നത്തെ ശീലമാണ് അടിക്കാൻ പിടിച്ചാലുടനെ ഞാൻ കാറാൻ തുടങ്ങും അങ്ങനെ അടിതുടങ്ങി അപ്പോഴേക്കും വല്യമ്മ ഓടിവന്നു എന്നെ പൊതിഞ്ഞു കെട്ടിപ്പിടിച്ചു നിലത്തിരുന്നു..
അടിയൊത്തിരി ഒരുപക്ഷേ എനിക്ക് കിട്ടിയതിൽ കൂടുതൽ അമ്മയുടെ ദേഹത്തുവീണു.
അങ്ങനെ ധാരാളം കുരുത്തക്കേടുകൾ എല്ലാത്തിനും സംരക്ഷണം അമ്മയായിരുന്നു
രാവിലെ നാലുമണി ആകുമ്പോൾ എഴുന്നേൽക്കും മുറ്റമടിച്ചുവാരും, തൊഴുത്തിൽ കയറി ചാണകം വാരി തൊഴുത്ത് വ്രത്തിയാക്കി, പശുവിനെ കുളിപ്പിച്ച്, പശുവിനെ കറന്നു, ആറുമണി ആകുമ്പോ എല്ലാവരും എഴുന്നേൽക്കുമ്പോ കട്ടൻ റെഡി  ഇതിനിടയിൽ എനിക്ക് സ്പെഷ്യൽ ആയിട്ട് കുത്തരി വെള്ളത്തിലിട്ടു കുതിർത്ത് അരച്ച് തേങ്ങയും പഞ്ചസാരയുമെല്ലാം ചേർത്തു നല്ല അടയും ഉണ്ടാക്കിത്തരും
പണി തീർന്നില്ല
അന്നൊക്കെ പറമ്പിൽ 365 ദിവസവും കപ്പയുണ്ടാകും പറമ്പിൽ പോയി കപ്പ പറിച്ചു പൊളിച്ചുകൊത്തി പുഴുങ്ങി അരപ്പുമിട്ട് പുഴുക്ക് റെഡി അതിനിടയിൽ എന്നെ ഒരുക്കി സ്കൂളിൽ വിടും
ഇതിനിടയിൽ വല്യപ്പനും അമ്മയുടെ ആങ്ങളമാരും കട്ടനടിച്ചിട്ടു പണിതുടങ്ങും
അങ്ങനെ എന്റെ നാലാം ക്ലാസ്സിലെ പഠനം കഴിഞ്ഞു ഞാൻ സ്കൂൾ മാറി
അമ്മക്ക് വയ്യാതായി പക്ഷെ ഞാൻ വയ്യാതെകിടക്കുന്ന അമ്മയുടെ അടുത്തു പോകാറില്ലായിരുന്നു വേറൊന്നും അല്ല എനിക്കത് കാണാൻ പറ്റില്ല അതുതന്നെ. കതകിന്റെ മറവിലും അമ്മ ഉറങ്ങിക്കഴിഞ്ഞുമൊക്കെ ഞാൻ അമ്മയെ കാണും.
അങ്ങനെ രണ്ടു വർഷത്തോളം രോഗശയ്യയിൽ സംസാരശേഷി നഷ്ടപ്പെട്ട് അമ്മ കിടന്നു പിന്നീട് അമ്മ മരിച്ചു പക്ഷെ എനിക്ക് കരച്ചിൽ വന്നില്ല, മമ്മിയുടെ അനിയത്തി വരാൻ വേണ്ടി രണ്ടു ദിവസം അമ്മയെ വീട്ടിൽ വച്ചു ആ മൂന്നുദിവസം ഞാൻ ഉറങ്ങിയില്ല ഇപ്പോൾ ഏഴു വർഷമായി അമ്മ പോയിട്ട് പക്ഷെ അമ്മ ഇവിടെയുണ്ട്
ഇപ്പോൾ ഈ കുറിപ്പെഴുതുമ്പോളും അമ്മയുടെ ആ പൊതിഞ്ഞു പിടിച്ചുള്ള ആ നില്പ്പ് എനിക്ക് അനുഭവിക്കാൻ കഴിയുന്നു

അതിജീവിച്ച കാലഘട്ടം

ഓരോരുത്തരോടും പറയാൻ കഴിയാത്തതിനാലും എന്നാൽ സമൂഹ മാധ്യമത്തിൽ പറയേണ്ട കാര്യം അല്ലാത്തത്തിനാലും എഴുതുന്നത്... (വളരെ ചുരുക്കം ആളുകൾക്കായി വാട്സാ...