Tuesday 7 March 2017

ഒരണ സമരം

 ഒരണ സമരം 
--------------

1958 ജൂലായ്‌ 14 മുതൽ ആഗസ്റ്റ്‌ 3 വരെ കേരളത്തിൽ നടന്ന വിദ്യാർത്ഥിപ്രക്ഷോഭം ആണു ഒരണസമരം. കേവലം ഒരു വിദ്യാർത്ഥിപ്രതിഷേധസമരം എന്നതിനപ്പുറം വിമോചനസമരത്തിന്റെ ഒരു ഉപോലപ്പന്നമെന്ന നിലയ്ക്കും 1957ലെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ പതനത്തിന്റെ പല കാരണങ്ങളിൽ ഒന്നെന്ന നിലക്കും ഒരണ സമരത്തിനു പല മാനങ്ങളും ഉണ്ട്‌.

പൊതുഗതാഗതസംവിധാനത്തെ ദേശസാൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ അന്നത്തെ ഗതാഗതമന്ത്രി ആയിരുന്ന ടി വി തോമസ്‌ ആവിഷ്കരിച്ച പദ്ധതിയുടെ ആദ്യപടിയായി കുട്ടനാടൻ മേഖലയിലെ ബോട്ടുസർവീസുകളിൽ തന്നെ സർക്കാർ പിടിമുറുക്കി. ഇത്തരം നിയന്ത്രണങ്ങൾ വരുന്നത്‌ വരെ കുട്ടനാട്ടിലെ ജലഗതാഗതം നിയന്ത്രിച്ചിരുന്നതും പൂർണ്ണമായും കയ്യടക്കി വെച്ചിരുന്നതു പ്രമാണിമാരായ സ്വകാര്യവ്യക്തികൾ ആയിരുന്നു; അതിൽത്തന്നെ ഭൂരിഭാഗവും ക്രൈസ്തവസമുദായക്കാരും. സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നതിനു മുമ്പ് ഉടമകൾ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് നിരക്കുകൾ നിശ്ചയിച്ചിരുന്നത്. ബോട്ടുടമകളുടെ ഈ നടപടികൾ അവസാനിപ്പിക്കാനും, ജനങ്ങൾക്ക് ഏകീകരിച്ച് നിരക്കുകൾ ലഭ്യമാക്കാനും വേണ്ടിയാണ് സർക്കാർ ബോട്ടു ഗതാഗതം ദേശസാൽക്കരിക്കാൻ തീരുമാനിച്ചത്.

പദ്ധതി നടപ്പിലായി. തൊഴിലാളിസർക്കാർ ബോട്ട്‌മുതലാളി ആയതോടെ ജീവനക്കാരുടെ നില മെച്ചപ്പെട്ടു; വേതന വർദ്ധന നിലവിൽ വന്നു. പക്ഷേ, നടത്തിപ്പ്ചെലവ്‌ ഗണ്യമായി വർദ്ധിച്ചു, യാത്രാനിരക്ക്‌ വർദ്ധിപ്പിക്കാൻ നിർബന്ധിതമായി. വിദ്യാർത്ഥികളുടെ ബോട്ടുകൂലി ഒരണ (ആറുപൈസ) എന്നത്‌ പത്ത്‌ പൈസ ആയി വർദ്ധിപ്പിച്ചു. വിദ്യാഭ്യാസബിൽ പ്രശ്നത്തിൽ നേരത്തെ തന്നെ സർക്കാരുമായി ഇടഞ്ഞിരുന്ന കത്തോലിക്കാസഭയെ  ഇത്‌ കൂടുതൽ രോഷാകുലരാക്കി (ദേശസാൽക്കരിച്ച സർവ്വീസുകളിൽ മിക്കതും ക്രൈസ്തവ പ്രമാണിമാരുടേതായിരുന്നു). സർക്കരിനെ അടിക്കാൻ പുതിയ വടി കിട്ടിയ പ്രതിപക്ഷകക്ഷികൾ ചാർജ്ജ്‌വർദ്ധനയെ ശക്തിയുക്തം എതിർത്തു. അന്ന് ശൈശവദശയിൽ ആയിരുന്ന കേരളാ സ്റ്റുഡന്റ്സ്‌ യൂണിയൻ (KSU), പ്രതിപക്ഷനേതാവ്‌ പി ടി ചാക്കോയുടെ അനുഗ്രഹാശിസുകളോടെ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 

1958 ജൂലൈ 14ന് പ്രത്യക്ഷസമരം ആരംഭിച്ചു.കുട്ടനാടൻ പ്രദേശത്ത് വിദ്യാർത്ഥികൾക്ക് ബോട്ടുടമകൾ നൽകിയിരുന്ന ഒരണ കൺസഷൻ നിലനിർത്തണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ചമ്പക്കുളം നദിക്കു കുറുകെ കയർവടം വലിച്ചുകെട്ടി ബോട്ടു ഗതാഗതം തടഞ്ഞുകൊണ്ടായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. ബോട്ടുഗതാഗതം തടസ്സപ്പെടുത്തിയതിന് ഇരുപതോളം വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇത് സമരത്തിന്റെ ശക്തി വർദ്ധിപ്പിച്ചു. 

പക്ഷേ 'കുട്ടികളുടെ സമരത്തെ' സർക്കാർ ഗൗനിച്ചതുപോലും ഇല്ല. ബോട്ടുസമരം കത്തോലിക്കാ സഭയുടെ സൃഷ്ടിയാണെന്ന് പാർട്ടി വിലയിരുത്തി. 'പുണ്യാളന്മാരുടെ സമരം' എന്ന് സ: പി ടി പുന്നൂസ്‌ പുച്ഛിച്ചു. സമരത്തെ ചെറുത്ത്‌ തോൽപ്പിക്കുമെന്ന് സി പി ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി സ: വി എസ്‌ അച്ചുതാനന്ദൻ പ്രഖ്യാപിച്ചു. പക്ഷേ, കമ്മ്യൂണിസ്റ്റു പാർട്ടിയുടെയും ഗവണ്മെന്റിന്റെയും കണക്കുകൂട്ടലുകൾ തകിടം മറിച്ച്‌ സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിച്ചു. പലയിടങ്ങളിലും സമരക്കാർ പൊലിസിന്റെയും സമരം നേരിടാനിറങ്ങിയ സഖാക്കളുടെയും കയ്യിൽ നിന്നും തല്ല് വാങ്ങിക്കൂട്ടി. ഇത്‌ പ്രതിപക്ഷത്തിന്റെയും ആവേശം കൂട്ടി. വിദ്യാർത്ഥികളെ തല്ലിച്ചതക്കുന്ന കാടത്തത്തിനെതിരെ നേതാക്കൾ ഘോരഘോരം പ്രതിഷേധിച്ചു. ആലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ പോലീസ് 144 പ്രഖ്യാപിച്ചു. കോൺഗ്രസ്സ്, ആർ.എസ്.പി തുടങ്ങിയ പാർട്ടികളിലെ നേതാക്കൾ വിദ്യാർത്ഥികളോട് നിയമം ലംഘിക്കാൻ ആഹ്വാനം ചെയ്തു.ഇതേ തുടർന്ന് 134 വിദ്യാർത്ഥികൾ അറസ്റ്റു ചെയ്യപ്പെട്ടു. 20000 ഓളം വിദ്യാർത്ഥികൾ പഠിപ്പുമുടക്കി സമരപാതയിലേക്കിറങ്ങി. 

'മനോരമ'യും 'ദീപിക'യും കൂടുതൽ ആവേശത്തിൽ സർക്കാരിനെ താഴെ ഇറക്കാൻ എഡിറ്റോറിയൽ കോളങ്ങൾ നിറച്ചുകൊണ്ടിരുന്നു. ഗവണ്മെന്റിനോട്‌ അനുഭാവ നിലപാടെടുത്തിരുന്ന 'മാതൃഭൂമി' വരെ പൊലിസിന്റെ കിരാതവാഴ്ചയെ ശക്തമായി അപലപിച്ചു. പ്രതിപക്ഷം സാധാരണപോലെ സർക്കാരിന്റെ രാജി ആവശ്യപ്പെട്ടു. അതേ സമയം സമരത്തെ ഏതു വിധേനേയും ചെറുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രാദേശിക കമ്മറ്റികളോട് പാർട്ടി സെക്രട്ടറി എം എൻ ഗോവിന്ദൻനായർ ആഹ്വാനം ചെയ്തു. 1958 ജൂലൈ 23 ന്  വിദ്യാർത്ഥികൾ ആലപ്പുഴ പട്ടണത്തിൽ നടത്തിയെ ഒരു ജാഥയെ പാർട്ടിപ്രവർത്തകരും, പോർട്ടർമാരും അടങ്ങുന്ന ഒരു സംഘം ആക്രമിച്ചു. ഇതിനെത്തുടർന്ന് സമരം തങ്ങൾ ഏറ്റെടുക്കുകയാണെന്ന് പ്രതിപക്ഷപാർട്ടികൾ പ്രഖ്യാപിച്ചു.

സമരം കൈവിട്ട്‌ പോയി തുടങ്ങിയതോടെ സർക്കാരും കോൺഗ്രസ്‌ നേതൃത്വവും ഒരുപോലെ പ്രതിരോധത്തിൽ ആയി. നിസാരമായി പരിഹരിക്കാവുന്ന ഒരു പ്രശ്നം വഷളാക്കിയത്‌ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് കമ്മ്യൂണിസ്റ്റ്‌ പാർട്ടി വിലയിരുത്തി. കോൺഗ്രസ്‌ നേതൃത്വത്തോട്‌ ആലോചിച്ചിട്ടല്ല വിദ്യാർത്ഥികൾ തെരുവിലിറങ്ങിയതെന്ന് കെ പി സി സി പ്രസിഡന്റ്‌ ദാമോദരമേനോൻ അഭിപ്രായപ്പെട്ടു. 

അവസാനം സമരം തീർക്കാൻ 'കേരളഗാന്ധി' കെ കേളപ്പൻ മുന്നിട്ടിറങ്ങി. സമരനേതാക്കളും സർക്കാരുമായി നടന്ന ചർച്ചയിൽ 1958 ആഗസ്റ്റ്‌ 3ആം തിയതി സമരത്തിനു വിരാമമായി. വിദ്യാർത്ഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കാനും തടവിലുള്ളവരെ മോചിപ്പിക്കാനും സമരത്തിന്റെ ഭാഗമായുണ്ടായ ഹാജർ നഷ്ടം പരിഹരിക്കാനും ധാരണയായി. ലാത്തി ചാർജ്ജിനെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്താമെന്നും തീരുമാനിച്ചു.  വിദ്യാർത്ഥികളുടെ യാത്രാക്കൂലി പ്രശ്നത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ ഒരു കമ്മീഷനെ വെയ്കാമെന്നും, കമ്മീഷന്റെ റിപ്പോർട്ട് വരുന്നതുവരെ വിദ്യാർത്ഥികൾക്ക് ബോട്ടുകളിൽ ഒരണ നിരക്ക്‌ തുടരാമെന്നുമുള്ള തീരുമാനത്തിൽ സമരം രാജിയായി (ഇതിൽ പലതും പിന്നീട്‌ തീരുമാനങ്ങൾ മാത്രം ആയി ഫയലിൽ ഉറങ്ങിപ്പോയതും സർക്കാർ, വ്യവസ്ഥകളിൽ നിന്നും മലക്കം മറിഞ്ഞതും ഒരണസമരത്തിന്റെ ആന്റി ക്ലൈമാക്സ്‌)

ഇതുംകൂടി:
1)KSU എന്ന സംഘടന കേരളത്തിൽ വേരുറപ്പിക്കുന്നതിനും പിന്നീട്‌ ഒരു കാലത്ത്‌ കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനം ആയി മാറുന്നതിനും മൈലേജ്‌ നൽകിയത്‌ ഈ സമരം ആണു.
2)വിമോചന സമരത്തിനു അനുകൂല നിലപാട്‌ സ്വീകരിച്ചിരുന്നതിനാൽ സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളുടെ അകമഴിഞ്ഞ സഹകരണവും KSUവിന്റെ പൊടുന്നനെയുള്ള വളർച്ചക്ക്‌ കാരണമായി.
3)അന്നത്തെ സമരത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്ന ആൾ ആയിരുന്നു കോൺഗ്രസ്സ്‌ നേതാവ്‌ ദേവകീ കൃഷ്ണന്റെ മകൻ രവീന്ദ്രൻ. ഇദ്ദേഹം പിൽക്കാലത്ത്‌ വയലാർ രവി എന്ന പേരിൽ പ്രശസ്തനായി.
4)ഒരണസമരം സംഭാവന ചെയ്ത മറ്റൊരു പ്രമുഖ നേതാവാണു എ കെ ആന്റണി.
SebinAbraham
Nksebin@Gmail.com
8156931030

അതിജീവിച്ച കാലഘട്ടം

ഓരോരുത്തരോടും പറയാൻ കഴിയാത്തതിനാലും എന്നാൽ സമൂഹ മാധ്യമത്തിൽ പറയേണ്ട കാര്യം അല്ലാത്തത്തിനാലും എഴുതുന്നത്... (വളരെ ചുരുക്കം ആളുകൾക്കായി വാട്സാ...