Saturday 16 December 2017

ആരാണ് നീ 

ഈ രാത്രിയുടെ യാമങ്ങളിലെവിടേയും
എന്തിനോവേണ്ടി ആർത്തുല്ലസിക്കുന്ന മൗനം…
ആരോടാണ്‌ നീ 
ഇത്ര നിർബന്ധബുദ്ധിയോടെ മത്സരിക്കുന്നത്‌?
അരുത്‌,എന്നോടാണെങ്കിൽ വേണ്ട
നീയെനിക്കൊരിക്കലും മത്സരമല്ല;വാശിയുമല്ല
 എന്റെ വിധിയാണ് 
ജീവിതം കൊണ്ട്‌ ഞാനെഴുതിയ
 എന്റെമാത്രം പ്രത്യയശാസ്ത്രം
 എങ്ങുമൊടുങ്ങാത്ത എന്റെ നഷ്ടസ്വപ്നങ്ങളുടെ
കണക്കപ്പിള്ളയായ്‌ എന്തിനാണ്‌
വേദനകൾ മാത്രം തിന്നു കഴിയുന്ന
ഈ ശരശയ്യയിലും എന്നെ പിന്തുടരുന്നത്‌ ?
വിജയാഹ്ലാദത്തിന്റെ സുവർണരഥത്തിൽനിന്നും
 പരാജയത്തിന്റെ അന്ധകാരബീഭത്സങ്ങളിലേക്ക്‌
 ആസന്നമായ യാത്രാമൊഴിയോതുമ്പോഴും ഞാനറിയുന്നു
നീയല്ലാതെ ആരുമെന്നെ പിന്തുടരുന്നില്ല.
പ്രണയമെന്ന എന്റെ ഭാര്യയും
സൗഹൃദമെന്ന കാമുകിയും
 ഈറനണിയിച്ച്‌ യാത്രയാകുമ്പോഴും
നീ മാത്രം എനിക്ക്‌ കൂട്ടാവുന്നു
ഈ രാത്രിയുടെ ഏകാന്തതകളിൽ
തണുത്തുറഞ്ഞ ഈ സായന്തനങ്ങളിൽ
 എനിക്ക്‌ ചൂടേകുന്ന നിന്നെ
ഞാനെന്തു വിളിക്കണം…..?
അനിവാര്യമായ വിധിയേ നിന്നെ 
ഞാനും മരണം എന്ന്  വിളിക്കട്ടെ?

Sunday 4 June 2017

                          എന്റെ അമ്മ 

വളരെക്കാലമായി അമ്മയെക്കുറിച്ച് ഒരു
ഓർമ്മക്കുറിപ്പെഴുതണം എന്ന് വിചാരിക്കുന്നു ഇപ്പോഴാണ്‌ സാധിച്ചത്...
അമ്മയെന്നാൽ വല്യമ്മയാണ് അമ്മയുടെ അമ്മ
ഇടുക്കിയിൽ കട്ടപ്പനയിലാണ് ഞാൻ ജനിച്ചതെങ്കിലും പിച്ചവച്ചു നടന്നുപടിച്ചത് അമ്മയുടെ വീട്ടിലായിരുന്നു അവിടെ നിന്നാണ് ഞാൻ പഠിച്ചത്
ഒരു സാധാരണ കർഷക കുടുംബം
നഴ്സറി തുടങ്ങി നാലാം ക്‌ളാസ്സുവരെ ഞാൻ പഠിച്ചത് പാണ്ടിപ്പാറ st.joseph lp സ്കൂളിലായിരുന്നു.
നന്നായി പഠിക്കുമായിരുന്നെങ്കിലും
 ആ പ്രായത്തിൽ വേണ്ടിയിരുന്നതിൽ കൂടുതൽ കുരുത്തക്കേട്‌ എന്റെ കയ്യിലുണ്ടായിരുന്നു.
അതിനൊക്കെ നല്ല വീക്കും കിട്ടിയിരുന്നു
എന്നാലും ശങ്കരൻ വീണ്ടും തെങ്ങിൽ തന്നെ എന്നപോലെ വീണ്ടും കുരുത്തക്കേടുകൾ നിർലോഭം തുടർന്നുപോന്നു
ആ കാലത്ത് കാണിച്ച ഏറ്റവും വലിയ കുരുത്തക്കേട് എന്താണെന്നു പറയാം...
സ്കൂളിൽ ഉച്ചയ്ക്ക് മേരിച്ചേടത്തിയുടെ കഞ്ഞിയും പയറും തട്ടുന്ന സമയത്ത് സ്കൂൾ മുറ്റത്ത്‌ സ്ഥിരമായി വരാറുള്ള ഒരാളുണ്ട് അപ്പൊ നിങ്ങൾ വിചാരിക്കും
ഏതെങ്കിലും പാവപ്പെട്ടവൻ കഞ്ഞികുടിക്കാൻ വരുന്നതായിരിക്കുമെന്ന്
അല്ല.
അദ്ധേഹത്തിന്റെ പേര് ജോസേട്ടൻ പാണ്ടിപ്പാറയിലെ പോസ്റ്റ്മാനാണ്
വരുന്നത് വേറൊന്നിനുമല്ല
വീടുകളിലേക്കുള്ള എഴുത്തുകൾ കുട്ടികളുടെ കയ്യിൽ കൊടുത്തുവിടാനാണ്
എനിക്കുമാത്രം ഒരിക്കലും എഴുത്തില്ല ഞാൻ പുള്ളിയോട് പറഞ്ഞു ചേട്ടാ എന്റെ വീടിന്റെ അടുത്തുള്ള എഴുത്തുകളെല്ലാം എനിക്ക് തന്നേരെ ഞാൻ കൊടുത്തേക്കാം
കേട്ടപാതി പുള്ളിയൊരു പത്ത് പതിനഞ്ചു കത്തിങ്ങ് തന്നു എന്നും തരും ആദ്യമൊക്കെ ഞാൻ കൃത്യമായി കൊടുത്തു പിന്നെ എല്ലാ മലയാളികളെയും പോലെ സഹജ വാസന എന്നെയും പിടികൂടി  "മടി "
പിന്നെ കിട്ടിയ എഴുത്തുകളൊക്കെ ഞാൻ വീടിന്റെ താഴെയൊരു തോടിന്റെ സൈഡിൽ ഈറ്റ കാടുണ്ട് അവിടെ കൊണ്ട് ഒളിപ്പിച്ചു വച്ചു..
കുറച്ചു കാലമായിട്ട് അയല്പക്കത്തെ ആർക്കും എഴുത്തില്ല എല്ലാവരും പോസ്റ്റ്മാനോട് പരാതി ഞാനാണേൽ പുള്ളീടെ കണ്ണിൽ പെടാതെ മുങ്ങിനടക്കും
അങ്ങനിരിക്കെ ദോണ്ടേ തോടിന്റെ സൈഡിലെ ഈറ്റ വെട്ടി
വെട്ടിയവർ അന്തിച്ചുപോയി
മമ്മീടെ അനിയത്തി ജർമനീന്ന്‌ അപ്പനയച്ച ക്രിസ്മസ് കാര്ഡുതൊട്ട്
അടുത്ത വീട്ടിലെ ഫോൺ ബില്ലും, ബാങ്ക് നോട്ടീസും, ആരാന്റടെ വിസാന്റെ പേപ്പറുവരെ
ദോണ്ടേ ഈറ്റക്കാട്ടിൽ കിടക്കുന്നു.
സ്ഥലത്തെ പ്രധാന തല്ലുകൊള്ളി ഞാനായതുകൊണ്ടും, വിഷയത്തിൽ  മുൻകാല പ്രാബല്യം ഉള്ളതുകൊണ്ടും സ്വാഭാവികമായിട്ടും ഞാൻ തന്നെ വില്ലൻ,
അന്നത്തെ എന്റെയൊരു ശീലമാണ് എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ സ്കൂൾ വിട്ടു വരുന്നവഴി പനിയാണെന്ന് പറഞ്ഞു കിടക്കും,   പനിയാണെന്ന് പറഞ്ഞാൽ തല്ലുകിട്ടില്ലല്ലോ..
അന്നും തഥൈവ
അപ്പോഴേ വല്യപ്പന് കാര്യം പിടികിട്ടി.
ഏറ്റവും വലിയ അടി വാങ്ങിയത് അന്നാണ്
വീടിന്റെ പുറത്ത് പുളിമരം നില്പ്പുണ്ട് അതിൽനിന്നും നല്ല പുളിവാറിങ്ങ് വെട്ടിയിട്ട്    
എന്നെപ്പിടിച്ചു കട്ടിലിന്റെ കാലിൽ കെട്ടിയിട്ടു അടിതുടങ്ങി. ഇന്നെങ്ങാനും ആണെങ്കിൽ വല്യപ്പൻ പൂജപ്പുരയിൽ കിടന്നു ചിക്കനും ചപ്പാത്തീം തട്ടി ഗ്ലാമർ ആയേനെ
അന്നത്തെ ശീലമാണ് അടിക്കാൻ പിടിച്ചാലുടനെ ഞാൻ കാറാൻ തുടങ്ങും അങ്ങനെ അടിതുടങ്ങി അപ്പോഴേക്കും വല്യമ്മ ഓടിവന്നു എന്നെ പൊതിഞ്ഞു കെട്ടിപ്പിടിച്ചു നിലത്തിരുന്നു..
അടിയൊത്തിരി ഒരുപക്ഷേ എനിക്ക് കിട്ടിയതിൽ കൂടുതൽ അമ്മയുടെ ദേഹത്തുവീണു.
അങ്ങനെ ധാരാളം കുരുത്തക്കേടുകൾ എല്ലാത്തിനും സംരക്ഷണം അമ്മയായിരുന്നു
രാവിലെ നാലുമണി ആകുമ്പോൾ എഴുന്നേൽക്കും മുറ്റമടിച്ചുവാരും, തൊഴുത്തിൽ കയറി ചാണകം വാരി തൊഴുത്ത് വ്രത്തിയാക്കി, പശുവിനെ കുളിപ്പിച്ച്, പശുവിനെ കറന്നു, ആറുമണി ആകുമ്പോ എല്ലാവരും എഴുന്നേൽക്കുമ്പോ കട്ടൻ റെഡി  ഇതിനിടയിൽ എനിക്ക് സ്പെഷ്യൽ ആയിട്ട് കുത്തരി വെള്ളത്തിലിട്ടു കുതിർത്ത് അരച്ച് തേങ്ങയും പഞ്ചസാരയുമെല്ലാം ചേർത്തു നല്ല അടയും ഉണ്ടാക്കിത്തരും
പണി തീർന്നില്ല
അന്നൊക്കെ പറമ്പിൽ 365 ദിവസവും കപ്പയുണ്ടാകും പറമ്പിൽ പോയി കപ്പ പറിച്ചു പൊളിച്ചുകൊത്തി പുഴുങ്ങി അരപ്പുമിട്ട് പുഴുക്ക് റെഡി അതിനിടയിൽ എന്നെ ഒരുക്കി സ്കൂളിൽ വിടും
ഇതിനിടയിൽ വല്യപ്പനും അമ്മയുടെ ആങ്ങളമാരും കട്ടനടിച്ചിട്ടു പണിതുടങ്ങും
അങ്ങനെ എന്റെ നാലാം ക്ലാസ്സിലെ പഠനം കഴിഞ്ഞു ഞാൻ സ്കൂൾ മാറി
അമ്മക്ക് വയ്യാതായി പക്ഷെ ഞാൻ വയ്യാതെകിടക്കുന്ന അമ്മയുടെ അടുത്തു പോകാറില്ലായിരുന്നു വേറൊന്നും അല്ല എനിക്കത് കാണാൻ പറ്റില്ല അതുതന്നെ. കതകിന്റെ മറവിലും അമ്മ ഉറങ്ങിക്കഴിഞ്ഞുമൊക്കെ ഞാൻ അമ്മയെ കാണും.
അങ്ങനെ രണ്ടു വർഷത്തോളം രോഗശയ്യയിൽ സംസാരശേഷി നഷ്ടപ്പെട്ട് അമ്മ കിടന്നു പിന്നീട് അമ്മ മരിച്ചു പക്ഷെ എനിക്ക് കരച്ചിൽ വന്നില്ല, മമ്മിയുടെ അനിയത്തി വരാൻ വേണ്ടി രണ്ടു ദിവസം അമ്മയെ വീട്ടിൽ വച്ചു ആ മൂന്നുദിവസം ഞാൻ ഉറങ്ങിയില്ല ഇപ്പോൾ ഏഴു വർഷമായി അമ്മ പോയിട്ട് പക്ഷെ അമ്മ ഇവിടെയുണ്ട്
ഇപ്പോൾ ഈ കുറിപ്പെഴുതുമ്പോളും അമ്മയുടെ ആ പൊതിഞ്ഞു പിടിച്ചുള്ള ആ നില്പ്പ് എനിക്ക് അനുഭവിക്കാൻ കഴിയുന്നു

Saturday 22 April 2017

അനുഭവകഥ..........

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിന്റെ ഉത്തരമേഖലാ പ്രദേശങ്ങളിലൂടെ സഞ്ചാരമായിരുന്നു
രണ്ടുദിവസത്തെ വയനാട് വാസത്തിനുശേഷം അത്യാവശ്യമായി തിരികെ നാട്ടിലെത്തേണ്ടതുകൊണ്ട് രാത്രി ഏതാണ്ട് എട്ടുമണിയോടെ ബത്തേരിയിൽനിന്ന് പുറപ്പെട്ടു
പതിനൊന്നുമണിയോടെ കോഴിക്കോട് KSRTC ബസ് ടെർമിനലിൽ എത്തി
ഏറെനേരം യാത്രചെയ്തതുമൂലം കാലിനൊരു പെരുപ്പ് കൂടാതെ തിരുവനന്തപുരം ബസിന് കുറച്ചു താമസമുണ്ട് താനും എന്നാൽപ്പിന്നെ പുറത്തിറങ്ങി ഒന്ന് നടക്കാമെന്നുകരുതി പുറത്തേക്കിറങ്ങി പുതിയ ബസ്സ്റ്റാൻഡ് റോഡിലൂടെ നടന്നു..
കുറച്ചുനടന്നപ്പോൾ അതാ റോഡിൽ കുറച്ചു  പെൺകുട്ടികൾ നിരന്നുനിൽക്കുന്നു
കുറച്ചുകൂടി നടന്ന് അടുത്തെത്തിയപ്പോൾ ആദ്യം നിന്ന യുവതി ചുരിദാറിൽ പിടിച്ചിട്ട് വേണോ എന്ന് ചോദിച്ചു  ഞാനോർത്തു ഇവിടെയൊക്കെ ചുരിദാർ വിൽക്കുന്നത് ഇട്ടിരിക്കുന്ന ചുരിദാർ കാണിച്ചുകൊണ്ടാണോയെന്ന് അവിടെ നിന്നിരുന്ന എല്ലാവരും ഇതുതന്നെ ആവർത്തിച്ചപ്പോൾ സംഭവം പിടികിട്ടി...
നടത്തത്തിന് വേഗതകൂടി ഞാൻ പതിയെ ഫോണിലൊക്കെ തോണ്ടി
കുറച്ചങ്ങു ചെന്നപ്പോൾ അവിടൊരു പെൺകുട്ടി ഒറ്റയ്ക്ക് നിൽക്കുന്നു വേഗന്ന് ആൾപെരുമാറ്റം അറിഞ്ഞ ആ കുട്ടി മുഖമുയർത്തി ഒറ്റ ചോദ്യം "വേണോ "  എന്നോട് ചോദിച്ച ആ മുഖം കണ്ടുഞാൻ ഞെട്ടി കാരണം ആ മുഖത്തിന്റെ ഉടമയെ എനിക്ക് മുൻപരിചയമുണ്ട് ജന്മംകൊണ്ടല്ലെങ്കിലും കർമംകൊണ്ട് സഹോദരിയായവളാണ്.
ഞാനറിഞ്ഞിരുന്ന ആ മുഖത്തിന്റെ ഉടമ ഒരു തൊട്ടാവാടി പെൺകുട്ടിയായിരുന്നു അപ്പന്റെയും അമ്മയുടെയും ഒറ്റ മോളാണ് സ്കൂൾ തലം മുതൽ തരക്കേടില്ലാത്ത പഠന നിലവാരം പുലർത്തിയിരുന്നവളായിരുന്നു...
അപ്പനും അമ്മയും കടം വാങ്ങി പഠിപ്പിക്കുകയാണ് മകളെ..
ഒരു മിനിറ്റ് എന്റെ ചിന്തകൾ മന്ദീഭവിച്ചുപോയി പരിസരബോധം വന്നപ്പോൾ അവൾ കരയുന്നു ചേട്ടായീ സാഹചര്യങ്ങളാൽ  പറ്റിപ്പോയി വീട്ടിൽ അറിയരുത് എന്നുപറഞ്ഞു പൊട്ടിക്കരഞ്ഞു   എനിക്കൊരു വികാരവും തോന്നിയില്ല കാരണം എന്റെ തലക്കുള്ളിൽ ഒരു പെരുപ്പുമാത്രമേ ഉണ്ടായിരുന്നുള്ളൂ...
കരച്ചിൽ കേട്ടിട്ടാവണം അപ്പുറത്തു നിന്നിരുന്ന പെണ്കുട്ടികളിലൊരാൾ എന്താടീ എന്ന് വിളിച്ചുചോദിക്കുന്നു..
അവളെന്നോട് പറഞ്ഞു ചേട്ടായിപോയ്ക്കോ ഇനിയിവിടെ നിൽക്കണ്ട..
ഞാൻ വേഗം തിരിഞ്ഞുനടന്നു ആരുടേയും മുഖത്ത് നോക്കാൻ തോന്നിയില്ല സ്റ്റാൻഡിൽ ചെന്നപ്പോ ബസ് വന്നിരുന്നു സൈഡ് സീറ്റ് നോക്കിയിരിക്കാറുള്ള ഞാൻ  കിട്ടിയ സീറ്റിൽ കയറിയിരുന്നു നാട്ടിലെത്തുന്നതുവരെ അതുമാത്രമായിരുന്നു മനസ്സിൽ
ആരോട് പറയാനാണ്...
ആ പാവം അച്ഛനെയും അമ്മയെയും കുറ്റപ്പെടുത്താൻ കഴിയുമോ അവർ മകൾക്കുവേണ്ടി അവരാൾകഴിയുന്നതെല്ലാം ചെയ്യുന്നു സമൂഹത്തെ കുറ്റപ്പെടുത്താൻ കഴിയുമോ
അവളെ കുറ്റപ്പെടുത്താൻ കഴിയുമോ...

ആരോട് പറയാൻ ആര് കേൾക്കാൻ ????
Sebin Abraham
https://m.facebook.com/story.php?story_fbid=947039668766409&id=100003811537764

Tuesday 7 March 2017

ഒരണ സമരം

 ഒരണ സമരം 
--------------

1958 ജൂലായ്‌ 14 മുതൽ ആഗസ്റ്റ്‌ 3 വരെ കേരളത്തിൽ നടന്ന വിദ്യാർത്ഥിപ്രക്ഷോഭം ആണു ഒരണസമരം. കേവലം ഒരു വിദ്യാർത്ഥിപ്രതിഷേധസമരം എന്നതിനപ്പുറം വിമോചനസമരത്തിന്റെ ഒരു ഉപോലപ്പന്നമെന്ന നിലയ്ക്കും 1957ലെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ പതനത്തിന്റെ പല കാരണങ്ങളിൽ ഒന്നെന്ന നിലക്കും ഒരണ സമരത്തിനു പല മാനങ്ങളും ഉണ്ട്‌.

പൊതുഗതാഗതസംവിധാനത്തെ ദേശസാൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ അന്നത്തെ ഗതാഗതമന്ത്രി ആയിരുന്ന ടി വി തോമസ്‌ ആവിഷ്കരിച്ച പദ്ധതിയുടെ ആദ്യപടിയായി കുട്ടനാടൻ മേഖലയിലെ ബോട്ടുസർവീസുകളിൽ തന്നെ സർക്കാർ പിടിമുറുക്കി. ഇത്തരം നിയന്ത്രണങ്ങൾ വരുന്നത്‌ വരെ കുട്ടനാട്ടിലെ ജലഗതാഗതം നിയന്ത്രിച്ചിരുന്നതും പൂർണ്ണമായും കയ്യടക്കി വെച്ചിരുന്നതു പ്രമാണിമാരായ സ്വകാര്യവ്യക്തികൾ ആയിരുന്നു; അതിൽത്തന്നെ ഭൂരിഭാഗവും ക്രൈസ്തവസമുദായക്കാരും. സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നതിനു മുമ്പ് ഉടമകൾ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് നിരക്കുകൾ നിശ്ചയിച്ചിരുന്നത്. ബോട്ടുടമകളുടെ ഈ നടപടികൾ അവസാനിപ്പിക്കാനും, ജനങ്ങൾക്ക് ഏകീകരിച്ച് നിരക്കുകൾ ലഭ്യമാക്കാനും വേണ്ടിയാണ് സർക്കാർ ബോട്ടു ഗതാഗതം ദേശസാൽക്കരിക്കാൻ തീരുമാനിച്ചത്.

പദ്ധതി നടപ്പിലായി. തൊഴിലാളിസർക്കാർ ബോട്ട്‌മുതലാളി ആയതോടെ ജീവനക്കാരുടെ നില മെച്ചപ്പെട്ടു; വേതന വർദ്ധന നിലവിൽ വന്നു. പക്ഷേ, നടത്തിപ്പ്ചെലവ്‌ ഗണ്യമായി വർദ്ധിച്ചു, യാത്രാനിരക്ക്‌ വർദ്ധിപ്പിക്കാൻ നിർബന്ധിതമായി. വിദ്യാർത്ഥികളുടെ ബോട്ടുകൂലി ഒരണ (ആറുപൈസ) എന്നത്‌ പത്ത്‌ പൈസ ആയി വർദ്ധിപ്പിച്ചു. വിദ്യാഭ്യാസബിൽ പ്രശ്നത്തിൽ നേരത്തെ തന്നെ സർക്കാരുമായി ഇടഞ്ഞിരുന്ന കത്തോലിക്കാസഭയെ  ഇത്‌ കൂടുതൽ രോഷാകുലരാക്കി (ദേശസാൽക്കരിച്ച സർവ്വീസുകളിൽ മിക്കതും ക്രൈസ്തവ പ്രമാണിമാരുടേതായിരുന്നു). സർക്കരിനെ അടിക്കാൻ പുതിയ വടി കിട്ടിയ പ്രതിപക്ഷകക്ഷികൾ ചാർജ്ജ്‌വർദ്ധനയെ ശക്തിയുക്തം എതിർത്തു. അന്ന് ശൈശവദശയിൽ ആയിരുന്ന കേരളാ സ്റ്റുഡന്റ്സ്‌ യൂണിയൻ (KSU), പ്രതിപക്ഷനേതാവ്‌ പി ടി ചാക്കോയുടെ അനുഗ്രഹാശിസുകളോടെ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 

1958 ജൂലൈ 14ന് പ്രത്യക്ഷസമരം ആരംഭിച്ചു.കുട്ടനാടൻ പ്രദേശത്ത് വിദ്യാർത്ഥികൾക്ക് ബോട്ടുടമകൾ നൽകിയിരുന്ന ഒരണ കൺസഷൻ നിലനിർത്തണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ചമ്പക്കുളം നദിക്കു കുറുകെ കയർവടം വലിച്ചുകെട്ടി ബോട്ടു ഗതാഗതം തടഞ്ഞുകൊണ്ടായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. ബോട്ടുഗതാഗതം തടസ്സപ്പെടുത്തിയതിന് ഇരുപതോളം വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇത് സമരത്തിന്റെ ശക്തി വർദ്ധിപ്പിച്ചു. 

പക്ഷേ 'കുട്ടികളുടെ സമരത്തെ' സർക്കാർ ഗൗനിച്ചതുപോലും ഇല്ല. ബോട്ടുസമരം കത്തോലിക്കാ സഭയുടെ സൃഷ്ടിയാണെന്ന് പാർട്ടി വിലയിരുത്തി. 'പുണ്യാളന്മാരുടെ സമരം' എന്ന് സ: പി ടി പുന്നൂസ്‌ പുച്ഛിച്ചു. സമരത്തെ ചെറുത്ത്‌ തോൽപ്പിക്കുമെന്ന് സി പി ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി സ: വി എസ്‌ അച്ചുതാനന്ദൻ പ്രഖ്യാപിച്ചു. പക്ഷേ, കമ്മ്യൂണിസ്റ്റു പാർട്ടിയുടെയും ഗവണ്മെന്റിന്റെയും കണക്കുകൂട്ടലുകൾ തകിടം മറിച്ച്‌ സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിച്ചു. പലയിടങ്ങളിലും സമരക്കാർ പൊലിസിന്റെയും സമരം നേരിടാനിറങ്ങിയ സഖാക്കളുടെയും കയ്യിൽ നിന്നും തല്ല് വാങ്ങിക്കൂട്ടി. ഇത്‌ പ്രതിപക്ഷത്തിന്റെയും ആവേശം കൂട്ടി. വിദ്യാർത്ഥികളെ തല്ലിച്ചതക്കുന്ന കാടത്തത്തിനെതിരെ നേതാക്കൾ ഘോരഘോരം പ്രതിഷേധിച്ചു. ആലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ പോലീസ് 144 പ്രഖ്യാപിച്ചു. കോൺഗ്രസ്സ്, ആർ.എസ്.പി തുടങ്ങിയ പാർട്ടികളിലെ നേതാക്കൾ വിദ്യാർത്ഥികളോട് നിയമം ലംഘിക്കാൻ ആഹ്വാനം ചെയ്തു.ഇതേ തുടർന്ന് 134 വിദ്യാർത്ഥികൾ അറസ്റ്റു ചെയ്യപ്പെട്ടു. 20000 ഓളം വിദ്യാർത്ഥികൾ പഠിപ്പുമുടക്കി സമരപാതയിലേക്കിറങ്ങി. 

'മനോരമ'യും 'ദീപിക'യും കൂടുതൽ ആവേശത്തിൽ സർക്കാരിനെ താഴെ ഇറക്കാൻ എഡിറ്റോറിയൽ കോളങ്ങൾ നിറച്ചുകൊണ്ടിരുന്നു. ഗവണ്മെന്റിനോട്‌ അനുഭാവ നിലപാടെടുത്തിരുന്ന 'മാതൃഭൂമി' വരെ പൊലിസിന്റെ കിരാതവാഴ്ചയെ ശക്തമായി അപലപിച്ചു. പ്രതിപക്ഷം സാധാരണപോലെ സർക്കാരിന്റെ രാജി ആവശ്യപ്പെട്ടു. അതേ സമയം സമരത്തെ ഏതു വിധേനേയും ചെറുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രാദേശിക കമ്മറ്റികളോട് പാർട്ടി സെക്രട്ടറി എം എൻ ഗോവിന്ദൻനായർ ആഹ്വാനം ചെയ്തു. 1958 ജൂലൈ 23 ന്  വിദ്യാർത്ഥികൾ ആലപ്പുഴ പട്ടണത്തിൽ നടത്തിയെ ഒരു ജാഥയെ പാർട്ടിപ്രവർത്തകരും, പോർട്ടർമാരും അടങ്ങുന്ന ഒരു സംഘം ആക്രമിച്ചു. ഇതിനെത്തുടർന്ന് സമരം തങ്ങൾ ഏറ്റെടുക്കുകയാണെന്ന് പ്രതിപക്ഷപാർട്ടികൾ പ്രഖ്യാപിച്ചു.

സമരം കൈവിട്ട്‌ പോയി തുടങ്ങിയതോടെ സർക്കാരും കോൺഗ്രസ്‌ നേതൃത്വവും ഒരുപോലെ പ്രതിരോധത്തിൽ ആയി. നിസാരമായി പരിഹരിക്കാവുന്ന ഒരു പ്രശ്നം വഷളാക്കിയത്‌ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് കമ്മ്യൂണിസ്റ്റ്‌ പാർട്ടി വിലയിരുത്തി. കോൺഗ്രസ്‌ നേതൃത്വത്തോട്‌ ആലോചിച്ചിട്ടല്ല വിദ്യാർത്ഥികൾ തെരുവിലിറങ്ങിയതെന്ന് കെ പി സി സി പ്രസിഡന്റ്‌ ദാമോദരമേനോൻ അഭിപ്രായപ്പെട്ടു. 

അവസാനം സമരം തീർക്കാൻ 'കേരളഗാന്ധി' കെ കേളപ്പൻ മുന്നിട്ടിറങ്ങി. സമരനേതാക്കളും സർക്കാരുമായി നടന്ന ചർച്ചയിൽ 1958 ആഗസ്റ്റ്‌ 3ആം തിയതി സമരത്തിനു വിരാമമായി. വിദ്യാർത്ഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കാനും തടവിലുള്ളവരെ മോചിപ്പിക്കാനും സമരത്തിന്റെ ഭാഗമായുണ്ടായ ഹാജർ നഷ്ടം പരിഹരിക്കാനും ധാരണയായി. ലാത്തി ചാർജ്ജിനെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്താമെന്നും തീരുമാനിച്ചു.  വിദ്യാർത്ഥികളുടെ യാത്രാക്കൂലി പ്രശ്നത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ ഒരു കമ്മീഷനെ വെയ്കാമെന്നും, കമ്മീഷന്റെ റിപ്പോർട്ട് വരുന്നതുവരെ വിദ്യാർത്ഥികൾക്ക് ബോട്ടുകളിൽ ഒരണ നിരക്ക്‌ തുടരാമെന്നുമുള്ള തീരുമാനത്തിൽ സമരം രാജിയായി (ഇതിൽ പലതും പിന്നീട്‌ തീരുമാനങ്ങൾ മാത്രം ആയി ഫയലിൽ ഉറങ്ങിപ്പോയതും സർക്കാർ, വ്യവസ്ഥകളിൽ നിന്നും മലക്കം മറിഞ്ഞതും ഒരണസമരത്തിന്റെ ആന്റി ക്ലൈമാക്സ്‌)

ഇതുംകൂടി:
1)KSU എന്ന സംഘടന കേരളത്തിൽ വേരുറപ്പിക്കുന്നതിനും പിന്നീട്‌ ഒരു കാലത്ത്‌ കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനം ആയി മാറുന്നതിനും മൈലേജ്‌ നൽകിയത്‌ ഈ സമരം ആണു.
2)വിമോചന സമരത്തിനു അനുകൂല നിലപാട്‌ സ്വീകരിച്ചിരുന്നതിനാൽ സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളുടെ അകമഴിഞ്ഞ സഹകരണവും KSUവിന്റെ പൊടുന്നനെയുള്ള വളർച്ചക്ക്‌ കാരണമായി.
3)അന്നത്തെ സമരത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്ന ആൾ ആയിരുന്നു കോൺഗ്രസ്സ്‌ നേതാവ്‌ ദേവകീ കൃഷ്ണന്റെ മകൻ രവീന്ദ്രൻ. ഇദ്ദേഹം പിൽക്കാലത്ത്‌ വയലാർ രവി എന്ന പേരിൽ പ്രശസ്തനായി.
4)ഒരണസമരം സംഭാവന ചെയ്ത മറ്റൊരു പ്രമുഖ നേതാവാണു എ കെ ആന്റണി.
SebinAbraham
Nksebin@Gmail.com
8156931030

അതിജീവിച്ച കാലഘട്ടം

ഓരോരുത്തരോടും പറയാൻ കഴിയാത്തതിനാലും എന്നാൽ സമൂഹ മാധ്യമത്തിൽ പറയേണ്ട കാര്യം അല്ലാത്തത്തിനാലും എഴുതുന്നത്... (വളരെ ചുരുക്കം ആളുകൾക്കായി വാട്സാ...